ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കുന്നവര്‍ക്കും ലൈംഗിക നിയന്ത്രണം അനിവാര്യമാണ്. ഗൃഹസ്ഥ ജീവിതം നയിക്കുന്ന സ്ത്രീപുരുഷന്‍മാര്‍ക്ക് പരപുരുഷന്‍മാരിലും പരസ്ത്രീകളിലും മനസാവാചാകര്‍മ്മണാ ആസക്തിയുണ്ടാവുകയോ അവരുമായി ബന്ധപ്പെടുകയോ ചെയ്യുന്നത് പാപഫലങ്ങള്‍ നല്‍കുമെന്നും ഭാവിയില്‍ ദുരിതങ്ങള്‍ക്കിടയാക്കുമെന്നും ആചാര്യന്‍മാര്‍ അസന്ദിഗ്ധമായി തന്നെ പറഞ്ഞിട്ടുണ്ട്.
അതായത്, അഷ്ടവിധ മൈഥുനങ്ങള്‍ പാടില്ല. പരപുരുഷനെയോ പരസ്ത്രീയെയോ കുറിച്ച് കാമോദ്ദീപകമായി ചിന്തിക്കുക, പറയുക, സ്പര്‍ശിക്കുക, ക്രീഡ നടത്തുക, നോക്കുക, ആലിംഗനം ചെയ്യുക, ഇരുവരും തനിച്ചിരിക്കുക, സംഗം ചെയ്യുക എന്നിവയാണ് അഷ്ടവിധ മൈഥുനങ്ങള്‍ എന്ന് പറയുന്നത്.
ചതുര്‍ദ്ദശി, അമാവാസി, അഷ്ടമി, പൌര്‍ണമി, സൂര്യസംക്രമം എന്നീ ദിവസങ്ങളില്‍ സ്ത്രീ പുരുഷ സംയോഗം ദാരിദ്ര്യത്തിനും ധനനാശനഷ്ടങ്ങള്‍ക്കും ഇടവരുത്തുന്നതാണ്. ശ്രാദ്ധ ദിവസം, ശ്രാദ്ധത്തിനു തലേ ദിവസം, പുലയും വാലായ്മയും ഉള്ളകാലം, ജന്‍മനക്ഷത്ര ദിവസം, പ്രഥമ, നവമി, ഏകാദശി എന്നീ പക്കങ്ങള്‍ ചൊവ്വ, ശനി എന്നീ ആഴ്ചകള്‍ സ്ത്രീസംഗത്തിനു നിഷിദ്ധങ്ങളും ദുരിതഫല ഹേതുവുമായിരിക്കും. ഗര്‍ഭാധാനത്തിനു മാത്രമല്ല അല്ലാതെയുള്ള സ്ത്രീസംഗത്തിനും ഇപ്പറഞ്ഞ നിഷിദ്ധ കാലങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ആയുരാരോഗ്യ സൌഖ്യത്തിനും ഐശ്വര്യത്തിനും പ്രത്യേകിച്ച്, ധനാഭിവൃദ്ധിക്കും ഹാനിയുണ്ടാവുക തന്നെ ചെയ്യും.
സല്‍സന്താനലബ്ധിക്കായി, തിരുവോണം, രോഹിണി, അത്തം, അനിഴം, ചോതി, രേവതി, മൂലം, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, ചതയം എന്നീ നക്ഷത്രങ്ങളും തിങ്കള്‍, വ്യാഴം, വെള്ളി, ബുധന്‍ ആഴ്ചകളും ഉത്തമമാണ്. ഇടവം, മകരം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, കുംഭം, ധനു, മീനം രാശികളില്‍ ഒരു രാശിയും ആ രാശിക്ക് അഷ്ടമ ശുദ്ധിയും ശുഭഗ്രഹ ബന്ധവും ഉണ്ടായിരിക്കേണ്ടതാണ്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386