ദോഷത്തെ പ്രദാനം ചെയ്യുന്ന ഏതുഗ്രഹവും അതിന്റെ ഉച്ചത്തിലോ ദ്രേക്കാണാദിവര്‍ഗ്ഗങ്ങളിലോ ശുഭഗ്രഹദൃഷ്ടിയോടുകൂടി നിന്നാല്‍ ദോഷമുണ്ടാവുന്നതല്ല.
ദണ്ഡരാശികള്‍ക്കും മൃത്യുരാശികള്‍ക്കും രാശ്യാധിപന്മാരായ ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കില്‍ ആ രണ്ടു ദോഷങ്ങളും തീരെ കുറഞ്ഞിരിക്കും. ബലവാനായ വ്യാഴത്തിന്റെ ദൃഷ്ടിയോ യോഗമോ ഉണ്ടായാലും ദണ്ഡമൃത്യുരാശികള്‍ക്ക് ദോഷമില്ലാതാവും. ആ രാശികള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് യോഗ്യങ്ങളാവുകയും ചെയ്യും.
ചന്ദ്രകേന്ദ്രത്തില്‍ രണ്ട് കണ്ണുള്ള നക്ഷത്രത്തില്‍ നില്‍ക്കുന്ന ശുഭഗ്രഹം അന്ധനക്ഷത്രത്തിന്റെ ദോഷത്തെ ഹനിക്കും. ചന്ദ്രന്‍ ശുഭഗ്രഹത്തിന്റെ നവാംശകത്തില്‍ ഉള്ള ദ്വിനക്ഷത്രത്തില്‍ ശുഭമായ ചന്ദ്രക്രിയയോടുകൂടി നിന്നാലും അന്ധ നക്ഷത്രത്തിന്റെ ദോഷമില്ലാതാവും.
പുത്തരി ഊണ്, പുടവയുടുക്കുക, പൊന്നണിയുക, പുണ്യകര്‍മ്മങ്ങള്‍ ചെയ്യുക എന്നിവ നാലുമൊഴിച്ചുള്ള മറ്റെല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും പിറന്നാള്‍ വര്‍ജ്ജ്യമാവുന്നു. അന്നപ്രാശവും അഭ്യംഗ സ്നാനവും സേകവും ചൌളവും ഒഴിച്ചുള്ള ശുഭകര്‍മ്മങ്ങള്‍ക്കെല്ലാം അനുജന്മ നക്ഷത്രങ്ങള്‍ സ്വീകരിക്കാം.
ജന്മനക്ഷത്രത്തിന്റെ 3, 5, 7 നാളുകള്‍ എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കേണ്ടതാണ്. ഒന്നാം അനുജന്മ നക്ഷത്രത്തിന്റെ മൂന്നാം നാളിന്റെ ഒന്നാം കാലും അഞ്ചാം നാളിന്റെ നാലാം കാലും ഏഴാം നാളിന്റെ മൂന്നാം കാലും മാത്രം വര്‍ജ്ജിച്ചാല്‍ മതിയാവും. രണ്ടാം അനുജന്മ നക്ഷത്രത്തിന്റെ 3, 5, 7 നാളുകളുടെ ഒന്നും നാലും മൂന്നും പാദങ്ങള്‍ പാപാംശകങ്ങളാണെങ്കില്‍ വര്‍ജ്ജിക്കേണ്ടതാണ്. ശുഭഗ്രഹത്തിന്റെ ദൃഷ്ടിയോടും ശുഭരാശ്യംശകത്തോടും കൂടി ശുഭക്രിയയില്‍ ബലവാനായി നില്‍ക്കുന്ന ചന്ദ്രന്‍ ജന്‍മാനുജന്‍മ നക്ഷത്രങ്ങളുടെയും അവയുടെ വിപത്പ്രത്യരവധ നക്ഷത്രങ്ങളുടെയും ദോഷത്തെ ഹനിക്കുന്നതാണ്.