മുഹൂര്‍ത്ത ലഗ്നത്തില്‍ ചന്ദ്രന്റെ ദൃഷ്ടിയുണ്ടെങ്കില്‍ ഭൂകമ്പത്തിനും ശുക്രസ്ഥിതിയുണ്ടെങ്കില്‍ ഉല്‍ക്കാപാതത്തിനും ദോഷമില്ല. മുഹൂര്‍ത്ത ലഗ്നത്തില്‍ ശുഭഗ്രഹം നില്‍ക്കുന്നു എങ്കില്‍ സൌരദോഷങ്ങളായ ബ്രഹ്മദണ്ഡവും ധ്വജവും ദോഷക്കുറവുള്ളതാണ്. ആദിത്യന്‍ സ്വവര്‍ഗത്തിലോ ഉച്ചത്തിലോ ശുഭഗ്രഹ ദൃഷ്ടിയോടുകൂടി നിന്നാല്‍ ഭൂകമ്പാദികളായ എല്ലാ ദോഷങ്ങള്‍ക്കും വളരെ ദോഷക്കുറവുണ്ടാവും. അതുപോലെ, സപ്തമി ദിവസം ഭൂകമ്പത്തിനും നവമി നാള്‍ ഉല്‍ക്കാപാതത്തിനും പ്രതിപദത്തുനാള്‍ ബ്രഹ്മദണ്ഡത്തിനും അഷ്ടമി നാള്‍ ധ്വജത്തിനും ദോഷം തീരെക്കുറഞ്ഞിരിക്കുകയും ചെയ്യും.
അര്‍ദ്ധപ്രഹാരാദികളുടെ ദോഷകാലം 3 3/4 നാഴിക വീതമാണ്. എന്നാല്‍, അര്‍ദ്ധപ്രഹാരകാലത്തിന്റെ ആദ്യം 2 നാഴികയും യമകണ്ടക കാലത്തിന്റെ നടുവില്‍ 2 നാഴികയും ഗുളിക കാലത്തിന്റെ ഒടുവില്‍ 2 നാഴികയും നിര്‍ബന്ധമായും വര്‍ജ്ജിക്കേണ്ടതാണ്.
ദിനമൃത്യുവിനും ദിനഗദത്തിനും രാത്രിയില്‍ ദോഷമില്ല. ചന്ദ്രനു ബലാധിക്യമുണ്ടെങ്കില്‍ ദിനമൃത്യു ദിനഗദ ദോഷങ്ങള്‍ തീരെ കുറഞ്ഞിരിക്കുകയും ചെയ്യും.
തിഥിയുടെ അപരാഹ്നത്തില്‍ വരുന്ന വിഷ്ടി പകല്‍ വന്നാലും പൂര്‍വാര്‍ദ്ധത്തില്‍ വരുന്ന വൃഷ്ടി രാത്രിയില്‍ വന്നാലും അന്ത്യത്തിലെ 3 നാഴിക സമയം ശുഭമാണ്. ബലവാനും ശുഭനുമായ ലഗ്നാധിപന്‍ സ്വക്ഷേത്രാംശകത്തില്‍ നില്‍ക്കുമ്പോള്‍ പകലോ രാത്രിയോ ഉള്ള എല്ലാ വിഷ്ടികളുടെയും ഉദയയാമമൊഴിച്ചുള്ള ഭാഗങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ക്കു സ്വീകരിക്കാം.
പതിനഞ്ച് വാരങ്ങള്‍ കൂടിയുള്ള എല്ലാ യോഗങ്ങള്‍ക്കും പകലിന്റെ 1/8 ഭാഗം കഴിയുന്നത് വരെ മാത്രമേ ഫലമുള്ളൂ. എന്നാല്‍, മധ്യാഹ്നം കഴിയും വരെ അശുഭവാര യോഗങ്ങള്‍ വര്‍ജ്ജിക്കുന്നതാണ് ഉത്തമം. എന്നാല്‍, മറ്റുള്ള യോഗങ്ങള്‍ക്കെല്ലാം അതുകഴിയുന്നതു വരെ പ്രാബല്യമുണ്ടായിരിക്കുകയും ചെയ്യും.