ശരിയായ മുഹൂര്‍ത്തത്തില്‍ തുടങ്ങുന്ന കാര്യങ്ങള്‍ക്ക് ശുഭഫലപ്രാപ്തിയുണ്ടാവും. മുഹൂര്‍ത്ത ഗണനത്തില്‍ പിഴവ് സംഭവിച്ചാലോ? അത് ഫലപ്രാപ്തിയെ വിപരീതമായി ബാധിക്കുകയും ചെയ്യും. മുഹൂര്‍ത്ത ഗണനത്തില്‍ പിഴവ് സംഭവിക്കാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
അംഹസ്പതി, അധിമാസം, സംസര്‍പ്പം, വ്യാഴത്തിനെയോ ശുക്രനെയോ - ഈ രണ്ടു ഗ്രഹങ്ങളെയോ - പകല്‍ ആകാശത്ത് കാണുക, വ്യാഴത്തിനും ശുക്രനും മൌഡ്യമുണ്ടായിരിക്കുക, ഗുരുശുക്ര പരസ്പര ദൃഷ്ടി എന്നീ ഷഡ് ദോഷങ്ങളെ മുഹൂര്‍ത്ത വിഷയത്തില്‍ വര്‍ജ്ജിക്കേണ്ടതാണ്. അതേസമയം ആറ് നാഴിക പുലരുന്നതിനു മുമ്പോ ആറ് നാഴിക പകലുള്ളപ്പോഴോ ഗുരുശുക്രന്മാരെ ആകാശത്തു കണ്ടാല്‍ വര്‍ജ്ജിക്കേണ്ടതുമില്ല.
അംഹസ്പതി, അധിമാസം, സംസര്‍പ്പം, മധ്യാധിമാസം എന്നിവ വന്നാലും സകല ശുഭകര്‍മ്മങ്ങള്‍ക്കും വര്‍ജ്ജ്യമാണ്.
പഞ്ചമേഹനി, ദശമേഹനി, നക്ഷത്രഹോമം,പുറന്നാള്‍ ഹോമം, പുംസവനം, സീമന്തം, വിഷ്ണുബലി, ഗര്‍ഭരക്ഷ, ചൌളം, ഉപനയനം, ഉപാകര്‍മ്മം, വ്രതങ്ങള്‍ മൂന്നും, ഗോദാനം, ചാമര്‍ത്തം, ആഗ്രയണം എന്നിവയ്ക്ക് രാത്രി മുഴുവന്‍ വര്‍ജ്ജിക്കേണ്ടതാണ്.
പേരിടുക, വിദ്യാരംഭം, ചാലിടുക, വിതയ്ക്കുക, ദേവ പ്രതിഷ്ഠ, കലശം, പ്രതിഷ്ഠാ സങ്കോചം, അഷ്ടബന്ധം എന്നിവയ്ക്ക് രാത്രിയെ മൂന്നായി ഭാഗിച്ചതിന്റെ ആദ്യത്തെ രണ്ട് ഭാഗവും എടുക്കാന്‍ പാടില്ല.
ഗ്രഹണം കഴിഞ്ഞ് മൂന്ന് ദിവസം യാതൊരു മുഹൂര്‍ത്തങ്ങള്‍ക്കും കൊള്ളുകയില്ല. എന്നാല്‍, ഗ്രഹണം തട്ടിയനാള്‍ വര്‍ജ്ജിക്കണമെന്നില്ല.
ആദിത്യോദയത്തിന് ആറ് നാഴിക മുമ്പുള്ള സമയം സകല ശുഭമുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജ്യമാവുന്നു. ചോറൂണ്, വേളി, വേളിക്കുശേഷം എന്നിവ മൂന്നിനും ആദിത്യോദയത്തിനു മൂന്ന് നാഴിക മുമ്പുള്ള സമയം നിര്‍ബന്ധമായും വര്‍ജ്ജിക്കണം.
സൂര്യാസ്തമയത്തിനു ശേഷം 3 3/4 നാഴിക മുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജിക്കണം. ത്രയോദശിയിലെ പ്രദോഷ ദിവസം അര്‍ദ്ധരാത്രിവരെയുള്ള സമയവും വര്‍ജ്ജിക്കേണ്ടതാണ്.
മധ്യാഹ്നത്തിലെ 10 വിനാഴിക സമയം സകല മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജിക്കേണ്ടതാണ്. അര്‍ദ്ധരാത്രിയില്‍ 2 നാഴിക സമയവും എല്ലാ ശുഭ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജിക്കേണ്ടതാണ്.
അപരാഹ്നം എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജ്യം. വിശേഷിച്ച് അപരാഹ്നവും സായാഹ്നവും പേരിടുന്നതിന് ഏറ്റവും വര്‍ജ്ജ്യമാണ്. പുസവനവും ആഗ്രയണവും മറ്റുനിവൃത്തിയില്ലെങ്കില്‍ സായാഹ്നത്തില്‍ കൊള്ളിക്കാം. പക്ഷേ, പാട്ടുരാശി കൊള്ളരുത്. ചൌളം, ഉപനയനം, ഗോദാനം, വ്രതങ്ങള്‍ എന്നിവയ്ക്ക് ആദിത്യന്‍ നില്‍ക്കുന്ന രാശിമുതല്‍ അഞ്ചാം രാശി മുതല്‍ക്കും ചോറൂണ്, വാതില്‍പ്പുറപ്പാട്, വിദ്യാരംഭം, ഗൃഹക്രിയ, ചാമര്‍ത്തം, ശസ്ത്രബന്ധം, പ്രതിഷ്ഠ, കലശം, സങ്കോചം, അഷ്ടബന്ധം എന്നിവയ്ക്ക് ആറാം രാശിമുതല്‍ക്കും വര്‍ജ്ജിക്കണം. കര്‍ണ്ണവേധം, സീമന്തം, വിവാഹം എന്നിവയ്ക്ക് ആറാം രാശി കൊള്ളാം. എന്നാല്‍ സായാഹ്നം വര്‍ജ്ജിക്കണം.
WD
മുഹൂര്‍ത്തത്തിനെടുക്കുന്ന രാശിയില്‍ ഒരു ശുഭഗ്രഹമുണ്ടെങ്കില്‍ ആ ഗ്രഹം ഉദിക്കുമ്പോള്‍ വേണം മുഹൂര്‍ത്തം കൊള്ളേണ്ടത്. അല്ലെങ്കില്‍ ആ രാശിയുടെ കൂടെ പുഷ്കരമോ ശുഭപുഷ്കരനവാംശകമോ ഉദിക്കുമ്പോള്‍ മുഹൂര്‍ത്തംകൊള്ളണം. ശുഭോദയത്തിനോ ശുഭപുഷ്കരത്തിനോ മുമ്പു മുഹൂര്‍ത്തംകൊള്ളുന്നതു മധ്യമം. ശുഭോദയമോ ശുഭ പുഷ്കരമോ കഴിഞ്ഞുകൊള്ളുന്നതു അധമം.
(ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്)
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386