ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » മുഹൂര്‍ത്തത്തിന്റെ പ്രാധാന്യം (Importance of Muhoortha)
വ്യക്തികള്‍ വാര്‍ത്തകള്‍
Bookmark and Share Feedback Print
 
PRO
“സുഖദുഃഖകരം കര്‍മ്മ ശുഭാശുഭമുഹൂര്‍ത്തജം” എന്ന ആചാര്യ വചനത്തിനു ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. കര്‍മ്മം ചെയ്യുക എന്നതിന്റെ പ്രസക്തിയും തന്മൂലമുള്ള ഫലപ്രാപ്തിയും കര്‍മ്മം ചെയ്യുന്ന കാലത്തെ ആശ്രയിച്ചിരിക്കുന്നു. അതായത്, ശുഭ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന കര്‍മ്മം സുഖത്തെയും അശുഭ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന കര്‍മ്മം ദുഃഖത്തെയും പ്രദാനം ചെയ്യുന്നു. ഇത് കര്‍മ്മം ചെയ്യുന്ന ആള്‍ക്ക് വര്‍ത്തമാനകാലത്തില്‍ മാത്രമല്ല ഭാവി കാലത്തിലും അനുഭവിക്കേണ്ടതായി വരുന്നു.

ഒരാള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം അയാള്‍ക്കുമാത്രമല്ല അയാളുടെ ബന്ധുമിത്രാദികള്‍ക്കും അതുവഴി ലോകത്തിനാകെ തന്നെയും ബാധകമായിത്തീരുകയും ചെയ്യുന്നു. അതിനാല്‍ ഒരു കര്‍മ്മം ചെയ്യേണ്ടത് ആകര്‍മ്മത്തിന്റെ പ്രവൃദ്ധമായ ഫലാനുഭവത്തിനു പര്യാപ്തമായ കാലത്ത് ആയിരിക്കേണ്ടതാണ്. അതുകൊണ്ട് മുഹൂര്‍ത്ത വിഷയത്തിന് ജ്യോതിഷത്തില്‍ പ്രമ പ്രാധാന്യമുണ്ട്.

ജനനം മുതല്‍ മരണം വരെയുള്ള ഓരോ കര്‍മ്മവും ആ കര്‍മ്മത്തിന് ആചാര്യന്മാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതായ ശുഭമുഹൂര്‍ത്തത്തിലാണ് ചെയ്യുന്നതെങ്കില്‍ മാനവരാശിക്ക് സുഖവും സ്വസ്ഥതയും ഐശ്വര്യവും ഉണ്ടാവുന്നു. ഓരോ മനുഷ്യനുമുണ്ടാവുന്ന സുഖവും സ്വസ്ഥതയുമാണ് ലോകത്തിന്റെ തന്നെ സുഖവും സ്വസ്ഥതയുമായിത്തീരുന്നത്. ഒരുകാലത്ത് കേരള ഭവനങ്ങളില്‍ രാമായണം, അഷ്ടാംഗഹൃദയം, ജ്ഞാനപ്പാന, മുഹൂര്‍ത്ത വിഷയങ്ങള്‍ അടങ്ങിയ കാലദീപം മുതലായവ പാരായണം ചെയ്തിരുന്നു. അന്ന് ധാരാളം പേര്‍ക്ക് ഇപ്പറഞ്ഞ ഗ്രന്ഥങ്ങളിലെ വരികള്‍ ഹൃദിസ്ഥവുമായിരുന്നു. ഇന്നാകട്ടെ, അന്നു പാരായണത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പലഗ്രന്ഥങ്ങളും ദുര്‍ല്ലഭമായിത്തീര്‍ന്നു.

മുഹൂര്‍ത്തം എന്നു പറഞ്ഞാല്‍ കര്‍മ്മം ചെയ്യുന്നതിനുള്ള ശുഭകരമായ സമയെമെന്നര്‍ത്ഥം. ശുഭമായ സമയം വരുന്നതുവരെ കാത്തിരുന്നാല്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം നിഷ്ക്രിയമായി കഴിയേണ്ടിവരുമല്ലോ എന്നൊരു സന്ദേഹം വായനാക്കാര്‍ക്ക് ഉണ്ടായേക്കാം. ഒരു മുഹൂര്‍ത്തം ഒരു കാര്യത്തിന് ശുഭകരമല്ലാത്തപ്പോള്‍ മറ്റുപലകാര്യങ്ങള്‍ക്കും ശുഭകരമായിരിക്കുമെന്നറിയുമ്പോള്‍ നിഷ്ക്രിയ ജീവിതത്തെ കുറിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലാതെയാകും.

മുഹൂര്‍ത്തത്തിന്റെ കാലയളവ് രണ്ട് നാഴിക അഥവാ 48 മിനിറ്റ് ആണ്. ഈ 48 മിനിറ്റിനുള്ളിലാണ് ഒരു കര്‍മ്മം സമാരംഭിക്കേണ്ടത്. ഒരു ശുഭ മുഹൂര്‍ത്തത്തില്‍ ആരംഭിച്ച കര്‍മ്മം തുടര്‍ന്ന് ചെയ്യുന്നതിന് മുഹൂര്‍ത്തം പരിഗണിക്കേണ്ടി വരുന്നില്ല. ആ കര്‍മ്മം ഒരിക്കലും നിഷ്ഫല്‍മായിത്തീരുകയില്ല. ഉദാഹരണത്തിന്, ഒരാള്‍ക്ക് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നതിന് ഒരു ശുഭമുഹൂര്‍ത്തം ആവശ്യമാണ്. അതേസമയം, ദിവസവും ആ ജോലിക്ക് പോവുന്നതിന് മുഹൂര്‍ത്തം നോക്കേണ്ടതില്ല എന്നര്‍ത്ഥം. പുതിയ വാഹനത്തില്‍ കയറുന്നതിനു മുഹൂര്‍ത്തം നോക്കേണ്ടതുണ്ട്. പക്ഷേ ഓരോ ദിവസവും വാഹനത്തില്‍ കയറുന്നതിന് ശുഭമൂഹൂര്‍ത്തം ആവശ്യമായി വരുന്നില്ല. അതായത്, ഒരു കാര്യത്തിന്റെ ഉത്തമമായ സമാരംഭമാണ് മുഹൂര്‍ത്തമെന്നര്‍ത്ഥം.

ശുഭ മുഹൂര്‍ത്തങ്ങള്‍ക്ക് ദോഷകരമായ കാലങ്ങള്‍

മുഹൂര്‍ത്തചിന്തയില്‍ പരിഗണിക്കേണ്ടതായ അനേകം ദോഷങ്ങളെ കുറിച്ച് ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ദോഷങ്ങളെ ഒഴിവാക്കി ഉത്തമ മുഹൂര്‍ത്തം ഗണിച്ചെടുക്കുന്നത് ശ്രമകരമാണ്. മുഹൂര്‍ത്ത ഗണനത്തിലെ പിഴവുകള്‍ ആ മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന കര്‍മ്മത്തിന്റെ സത്ഫലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതിനാല്‍ ഒരു ജ്യോതിഷി ഈ വിഷയത്തില്‍ അവഗാഹമുള്ളവനായിരിക്കണം.

അടുത്ത ആഴ്ച വായിക്കുക - ഓരോ നാളുകാര്‍ക്കും മുഹൂര്‍ത്തം ഗണിക്കുമ്പോള്‍

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മുഹൂര്ത്തത്തിന്റെ പ്രാധാന്യം മുഹൂര്ത്തം, ജ്യോതിഷം, സമയം കുറിക്കല്, അസ്ട്രോളജി