ഇതുവരെ സ്ത്രീജാതകത്തിലെ ദോഷങ്ങളെ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്. ഇനി പുരുഷജാതകത്തില്‍ വരാവുന്ന ദോഷങ്ങളെ കുറിച്ചാണ് പറയുന്നത്. സ്ത്രീജാതകത്തിലും പുരുഷജാതകത്തിലും ഉള്ള ദോഷങ്ങളെ പരിശോധിച്ചുകൊണ്ടുവേണം ജാതകചേര്‍ച്ച തീരുമാനിക്കേണ്ടത്.
പുരുഷജാതകത്തില്‍ ശുക്രനു പാപമധ്യസ്ഥിതി വരിക - സ്ഫുടംകൊണ്ടു പാപമധ്യസ്ഥിതി വന്നാലും മതി - ശുക്രന്റെ 4, 8, 12 ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കുക, ശുക്രനു പാപഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികള്‍ ഉണ്ടാവുക എന്നിവയെല്ലാം കളത്രത്തിനു മൃതിഫലപ്രദമാണ്. അഞ്ച്, എട്ട്, ഭാവങ്ങളുടെ അധിപന്‍മാര്‍ ഏഴാമിടത്ത് നില്‍ക്കുക. ഏഴാം ഭാവാധിപന്‍ അഞ്ചാമിടത്ത് നില്‍ക്കുക എന്നിവയും കളത്രനാശകരമാണ്. ഏഴാമിടത്ത് നില്‍ക്കുന്ന കുജന്‍ ഭാര്യയ്ക്ക് രോഗമൃതിഫലങ്ങള്‍ക്ക് ഇടയാക്കുന്നതാണ്.
ഏഴാം ഭാവം വൃശ്ചികം രാശിയായി അവിടെ ശുക്രന്‍ നില്‍ക്കുക, ഏഴാം ഭാവം മകരം രാശിയായി അവിടെ ശനി നില്‍ക്കുക, ഏഴാം ഭാവം ഇടവം രാശിയായി അവിടെ ബുധന്‍ നില്‍ക്കുക ഇതെല്ലാം ഭാര്യാദുരിതത്തിന് ഇടവരുത്തുന്നതാണ്. ഏഴാം ഭാവത്തിനും ഭാവാധിപനും പാപഗ്രഹ യോഗദൃഷ്ടികള്‍ വരികയോ പാപമധ്യസ്ഥിതിയുണ്ടാവുകയോ ഏഴാം ഭാവാധിപനു മൌഡ്യം, നീചസ്ഥിതി, ശത്രുക്ഷേത്രസ്ഥിതി എന്നിവയുണ്ടാവുകയോ ചെയ്താല്‍ ഭാര്യാനാശം ഉണ്ടാവാനിടയാകും. ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവാധിപന്മാര്‍ ശുഭഗ്രഹങ്ങളായിരുന്നാലും ഏഴാമിടത്ത് നില്‍ക്കുന്നത് ദോഷകരംതന്നെയാണ്.
രണ്ടും ഏഴും ഭാവങ്ങള്‍ക്ക് പാപഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ഭാര്യാമൃതിയുണ്ടാവും. നീരാശിസ്ഥിതരോ ശത്രുദോഷസ്ഥിതരോ ആയ പാപഗ്രഹങ്ങള്‍ ഏഴ്, എട്ട്, രണ്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നതും അവിടേക്ക് നോക്കുന്നതും ദമ്പതിമാര്‍ക്ക് രണ്ടുപേര്‍ക്കും മൃതിപ്രദമാണ്. ശുക്രന്‍ കുജനോട് ചേര്‍ന്ന് അഞ്ച്, ഏഴ്, ഒമ്പത് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നതും കളത്രനാശകരമാണ്. മീന ലഗ്നത്തില്‍ ജനിക്കുക, നാലില്‍ ഒരു പാപനും ഏഴില്‍ ചൊവ്വയും നില്‍ക്കുകയോ ക്ഷീണ ചന്ദ്രന്‍ ഏഴാമിടത്ത് നില്‍ക്കുകയും നാലില്‍ ഒരു പാപന്‍ നില്‍ക്കുകയോ ചന്ദ്രാലോ ലഗ്നാലോ ഏഴാമിടത്ത് പാപനും ഏഴാം ഭാവാധിപന്‍ പന്ത്രണ്ടില്‍ വരികയും ചെയ്താലോ ഏഴാമിടത്ത് ആദിത്യനും രാഹുവും നില്‍ക്കുകയോ ഇപ്പറഞ്ഞ ഏതെങ്കിലും ഒന്നുണ്ടായാലോ കളത്രനാശം സംഭവിക്കും.
ഇത്തരത്തില്‍, ഭാര്യാനാശകരവും ഭര്‍തൃനാശകരവുമായ നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. സ്ത്രീപുരുഷ ജാതകങ്ങളില്‍ പാപത്തിനു തുല്യതയും സാമ്യവും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ആ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ക്കുവാന്‍ പാടുള്ളൂ. സ്ത്രീപുരുഷ ജാതകങ്ങള്‍ യോഗബലം കൊണ്ടും ആനുകൂല്യമുള്ളവയായിരിക്കണം. അതായത്, ഉന്നതമായ നിലയില്‍ ഭാഗ്യയോഗാദികള്‍ ഉള്ള ഒരു ജാതകത്തോട് വെറും നിര്‍ഭാഗ്യകരമായ ഒരു ജാതകം ചേര്‍ക്കരുത്. കാരണം, യോഗങ്ങള്‍ തമ്മിലുള്ള അന്തരം ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ വേര്‍പെടുന്നതിന് ഇടവരുത്താം. കുറഞ്ഞപക്ഷം ജീവിതത്തില്‍ സ്വരച്ചേര്‍ച്ച ഇല്ലാതാക്കുവാനെങ്കിലും ഇടവരുത്താം. അതിനാല്‍, സ്ത്രീപുരുഷ ജാതകങ്ങളിലെ യോഗങ്ങള്‍ക്കും തുല്യതയുണ്ടായിരിക്കേണ്ടതാണ്.
ജാതകപരമായി ചിന്തിക്കുമ്പോള്‍ യോഗാദികള്‍ നിലനിര്‍ത്തിക്കൊണ്ട് ഒരു ജാതകത്തില്‍ ഉള്ള ന്യൂനതകള്‍ പരിഹരിക്കത്തക്കതായിരിക്കണം മറ്റേജാതകം. അതായത്, ഒരു ജാതകത്തില്‍ സന്താന ദുരിതത്തിനോ സന്താനലാഭത്തിനു തടസ്സമോ ഉണ്ടെങ്കില്‍ മറ്റേജാതകത്തില്‍ സന്താനലാഭത്തിനു പുഷ്ടിയും ശുഭത്വവും ഉണ്ടായിരിക്കണമെന്നര്‍ത്ഥം. ഒരു ജാതകത്തില്‍ ആയുരാരോഗ്യസൌഖ്യാദികളെ ദുര്‍ബ്ബലപ്പെടുത്തുന്ന ഗ്രഹസ്ഥിതിയുണ്ടെങ്കില്‍ മറ്റേജാതകത്തില്‍ ഏഴാം ഭാവത്തിനു പുഷ്ടിയും ശുഭത്വവും ഉണ്ടായിരിക്കണം. ധനപരമായും തൊഴില്‍പരമായും മറ്റെല്ലാകാര്യങ്ങളിലും സ്ത്രീപുരുഷജാതകങ്ങള്‍ തമ്മില്‍ പരസ്പരപൂരകങ്ങള്‍ ആയിരിക്കണമെന്നര്‍ത്ഥം.
മേല്‍പ്പറഞ്ഞവയെ അവഗണിച്ചുകൊണ്ട് പൊരുത്തശോധനയ്ക്ക് വരുന്ന സ്ത്രീപുരുഷന്‍മാരുടെ തൃപ്തി നോക്കിയും മറ്റു പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയും ഒരു ജോത്സ്യന്‍ പ്രവര്‍ത്തിച്ചാല്‍ അത് സ്ത്രീപുരുഷന്മാരോടും അതുവഴി സമൂഹത്തോടും ലോകത്തോടും ചെയ്യുന്ന അപരാധമായിരിക്കും. കാരണം, വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീപുരുഷന്‍മാരുടെ ജീവിത സ്വസ്ഥത സമൂഹത്തിന്റെയും ലോകത്തിന്റെയും സമാധാനം കൂടിയാണ്. അതിനാല്‍ ജോത്സ്യന്റെ കടമ ഭംഗിയായി നിറവേറ്റപ്പെടേണ്ടതുണ്ട്. കടമ പരമാവധി നിറവേറ്റുന്നതിലൂടെയാണ് ദൈവാനുഗ്രഹം ഉണ്ടാവുന്നതെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386