സ്ത്രീ ജാതകത്തില്‍ അഷ്ടമത്തില്‍ വ്യാഴവും ബുധനും നിന്നാല്‍ ഭര്‍ത്താവുമായി അകന്ന് കഴിയാന്‍ ഇടയാവും. ചന്ദ്രന്‍, ശുക്രന്‍, രാഹു, കേതു എന്നിവയില്‍ ഒന്ന് അഷ്ടമത്തില്‍ നിന്നാല്‍ മൃതിഫലമാണ് ഉണ്ടാവുക. 12 ലെ ശുക്രനാവട്ടെ നെടുമംഗല്യ കര്‍ത്താവായിരിക്കും.
പൊരുത്തം നോക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ഏഴിലോ എട്ടിലോ പാപ ഗ്രഹം നിന്നാലും ആ പാപഗ്രഹം നില്‍ക്കുന്നത് സ്വക്ഷേത്രാധിപത്യത്തോടു കൂടിയോ ശുഭദൃഷ്ടിയോടുകൂടിയോ ശുഭയോഗത്തോടുകൂടിയോ ശുഭവര്‍ഗ്ഗത്തിലോ ഉച്ചക്ഷേത്രത്തിലോ മിത്രക്ഷേത്രത്തിലോ ആണെങ്കില്‍ ദോഷഫലങ്ങള്‍ ഉണ്ടാവുന്നതല്ല. ഗ്രഹങ്ങളുടെ സപ്തമദൃഷ്ടിമാത്രമേ പൊരുത്തശോധനയില്‍ പരിഗണിക്കേണ്ടതുള്ളൂ. കുജന്‍, ഗുരു, മന്ദന്‍ എന്നിവയുടെ വിശേഷദൃഷ്ടി പൊരുത്തശോധനയില്‍ പരിഗണനാര്‍ഹമല്ല.
സ്ത്രീക്ക് ഏഴാമിടത്ത് നില്‍ക്കുന്ന ചൊവ്വ നേരത്തെ തന്നെ വൈധവ്യത്തിന് ഇടയാക്കും. ഭര്‍ത്താവുമായി വിരോധത്തിനും വിയോഗാദികള്‍ക്കും ഇടവരുത്തും. ചിലപ്പോള്‍ വിവാഹം നടക്കുന്നതിനും കാലതാമസം വരുത്തും. ഏഴാമിടത്ത് ശനിയും വ്യാഴവും ചന്ദ്രനുംകൂടി നിന്നാലും വിവാഹത്തിന് കാലതാമസമുണ്ടാവും. കൂടാതെ, തൊട്ടുമുകളില്‍ പറഞ്ഞ ദോഷഫലങ്ങളും ഉണ്ടാക്കും.
ഏഴാം ഭാവം കര്‍ക്കിടകം രാശിയായി അവിടെ ശനിയോ കുജനോ നിന്നാല്‍ ദോഷകരമല്ല. ലഗ്നത്തിലെ ആദിത്യനും കുജനും വൈധവ്യത്തിനിടവരുത്തുന്നതാണ്. സ്ത്രീ ജാതകത്തില്‍ വൈധവ്യ ലക്ഷണമുണ്ടെങ്കിലും രണ്ടാം ഭാവത്തില്‍ ശുഭന്‍ നിന്നാല്‍ വൈധവ്യമുണ്ടാവുന്നതല്ല. സ്ത്രീ ജാതകത്തില്‍ ഏഴാമിടത്ത് നില്‍ക്കുന്ന ആദിത്യന്‍ പാപദൃഷ്ടനാണെങ്കില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടും. പാപദൃഷ്ടിയുള്ള ശനി ഏഴാമിടത്ത് നിന്നാല്‍ വിവാഹത്തിനു കാലതാമസമുണ്ടാവും. ചിലപ്പോള്‍ ഭര്‍തൃയോഗമില്ലാത്തവളുമാവും. ഏഴാമിടത്ത് ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും നിന്നാല്‍ ആ സ്ത്രീക്ക് പുനര്‍വിവാഹമുണ്ടാവും. അഷ്ടമ ഭാവത്തിനും അഷ്ടമാധിപതിക്കും ശുഭഗ്രഹയോഗദൃഷ്ടികളുണ്ടായാല്‍ ദോഷങ്ങളൊന്നും ഉണ്ടാവുകയില്ലെന്ന് മാത്രമല്ല ദീര്‍ഘ സുമംഗലിയായിരിക്കുകയും ഭര്‍ത്താവിനും തനിക്കും ദീര്‍ഘായുസ്സുണ്ടായിരിക്കുകയും ചെയ്യും.
ഏഴാമിടത്ത് മൂന്ന് പാപന്‍മാര്‍-വിശേഷിച്ച് ആദിത്യനും കേതുവും കുജനും-നിന്നാല്‍ ഭര്‍ത്താവിന് മൃതി സംഭവിക്കും. ശുഭദൃഷ്ടനും ദുര്‍ബ്ബലനുമായ പാപന്‍ ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭര്‍തൃപരിത്യാഗം ഉണ്ടാവും. ഏഴാമിടം പാപക്ഷേത്രമായി അവിടെ ശനിയും ചൊവ്വായും കൂടിനിന്നാല്‍ വൈധവ്യമുണ്ടാവും.
അഷ്ടമാധിപന്റെ നവാംശകാധിപതി പാപഗ്രഹമായിരുന്നാല്‍ വൈധവ്യമുണ്ടാവും. എന്നാല്‍, ശുഭഗ്രഹം അഷ്ടമത്തില്‍ നില്‍ക്കുകകൂടി ചെയ്താല്‍ ജാതകയ്ക്കാണ് മൃതിയുണ്ടാവുക. ഏഴാമിടത്തു നില്‍ക്കുന്ന മൂന്നു പാപന്‍മാര്‍ ബലവാന്‍മാരായി നില്‍ക്കുന്ന സ്ത്രീ ഭര്‍ത്താവിനെ വധിക്കും. ഏഴാമിടത്ത് ശനിയും ചന്ദ്രനും നിന്നാല്‍ രണ്ട് ഭര്‍തൃയോഗമുണ്ടാവും.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386
(അടുത്ത ആഴ്ച പാപസാമ്യത്തിന്റെ അവസാന ഭാഗം പ്രസിദ്ധീകരിക്കുന്നതാണ്)