ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » വിഷകന്യായോഗവും ഘടനയും ദശാസന്ധിയും (Know about 'vishakanyayoga")
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
PRO
വിവാഹത്തിനു തീരുമാനമെടുക്കുന്നതിന് നക്ഷത്രപ്പൊരുത്തങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതിയാവില്ല. നക്ഷത്രപ്പൊരുത്തശോധന കഴിഞ്ഞാല്‍ പിന്നീടു ചിന്തിക്കേണ്ടത് വിഷകന്യാ യോഗമുണ്ടോ എന്നതാണ്. ഈ യോഗം പുരുഷന്‍‌മാര്‍ക്കും ഉണ്ടാവുമെങ്കിലും സ്ത്രീകള്‍ക്കാണ് അധികം ദോഷമുണ്ടാവുന്നത്.

ഞായറാഴ്ചയും ഭരണിയും, തിങ്കളാഴ്ചയും ചിത്തിരയും, ചൊവ്വാഴ്ചയും ഉത്രാടവും, ബുധനാഴ്ചയും അവിട്ടവും , വ്യാഴാഴ്ചയും തൃക്കേട്ടയും, വെള്ളിയാഴ്ചയും പൂരാടവും, ശനിയാഴ്ചയും രേവതിയും, ഞായറാഴ്ചയും വിശാഖവും ദ്വാദശിയും, ചൊവ്വാഴ്ചയും ചതയവും സപ്തമിയും, ശനിയാഴ്ചയും ആയില്യവും ദ്വിതീയയും, ആയില്യം ഞായര്‍ ദ്വീതീയ, കാര്‍ത്തിക ശനി സപ്തമി, ചതയം ചൊവ്വ ദ്വാദശി, ഞായര്‍ ദ്വാദശി ചതയം, ചൊവ്വ സപ്തമി വിശാഖം, ശനി ദ്വിതീയ ആയില്യം എന്നീ യോഗങ്ങളിലേതിലെങ്കിലും ജനിച്ച സ്ത്രീയാണെങ്കില്‍ ജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ ഏഴാം ഭാവാധിപനോ ശുഭഗ്രഹമോ ഉണ്ടെങ്കില്‍ വൈധവ്യാദി ദോഷം ഉണ്ടാവുന്നതല്ല. ചന്ദ്രനു ബലമുള്ള ജാതകത്തില്‍ ചന്ദ്രാല്‍ ഏഴാമിടത്തു ചന്ദ്രാല്‍ ഏഴാം ഭാവാധിപനോ മറ്റു ശുഭഗ്രഹമോ സ്ഥിതിചെയ്താലും മതി.

പൊതുവെ, മൂലം, ആയില്യം, വിശാഖം, കേട്ട എന്നീ നാളുകളില്‍ ജനിച്ച സ്ത്രീകളുടെ വിവാഹത്തിനു പൊരുത്തം നോക്കുമ്പോള്‍ കേസരിയോഗം മുതലായ ആയുര്‍ദൈര്‍ഘ്യയോഗങ്ങളുള്ള പുരുഷന്‍‌മാരെ വേണം പരിഗണിക്കേണ്ടത്. അതുപോലെതന്നെ, ചിത്തിര, തിരുവാതിര, ആയില്യം, കേട്ട, ചതയം, പൂയം, കാര്‍ത്തിക, മൂലം എന്നീ എട്ട് നാളുകളില്‍ ജനിച്ച സ്ത്രീകള്‍ വിധവകളോ സന്താന ദുഃഖമനുഭവിക്കുന്നവരോ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്നവരോ ആകാനുള്ള സാധ്യത മറ്റു നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകളെക്കാള്‍ കൂടുതലായതുകൊണ്ട് അവരുടെ ജാതകത്തിലെ ശുഭയോഗാദികള്‍, പൊരുത്തം നോക്കുന്ന പുരുഷ ജാതകങ്ങളിലെ ആയുര്‍ദൈര്‍ഘ്യയോഗാദികള്‍, സന്താനപരമായ യോഗാദികള്‍, വശ്യമാഹേന്ദ്രയോനിരാശ്യാധിപപ്പൊരുത്തങ്ങള്‍ എന്നിവ കൂടി ചിന്തിക്കുന്നത് ഉത്തമമായിരിക്കും.

ഘടന പരിശോധിക്കേണ്ട വിധ

വിഷകന്യായോഗത്തിനു ശേഷം പരിശോധിക്കേണ്ടത് ഘടന ഉണ്ടോ എന്നാണ്. സത്രീ ജനിച്ച കൂറിന്റെ ഏഴാം രാശി, ഏഴാം ഭാവാധിപന്‍ നില്‍ക്കുന്ന രാശി, ഏഴാം ഭാവാധിപന്റെ നവാംശക രാശി, സപ്തമാധിപന്റെ ഉച്ചനീചരാശികള്‍, ശുക്രന്‍ നില്‍ക്കുന്ന രാശി, ശുക്രാല്‍ സപ്തമ രാശി, ചന്ദ്രദ്വാദശാംശക രാശി എന്നിവയില്‍ ഏതെങ്കിലും ഒന്ന് പുരുഷന്‍ ജനിച്ച കൂറായിരിക്കണം. പുരുഷന്റെ ചന്ദ്രലഗ്നം കൊണ്ട് ഈ പറഞ്ഞപ്രകാരം സ്ത്രീയുടെ കൂറും പരിഗണിക്കുക. രണ്ടു ജാതകങ്ങള്‍ക്കും ഈ പറഞ്ഞ യോഗം ഉണ്ടായിരുന്നാല്‍ ഘടന ഉത്തമമായിരിക്കും. ഘടന ഉത്തമമായിരുന്നാല്‍ പരസ്പര സ്നേഹവും ഐക്യവും വിശ്വാസവും ജീവിതസുഖാദികളും ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായിരിക്കും.

ദശാസന്ധിദോഷം പരിശോധിക്കാ

സ്ത്രീപുരുഷന്‍‌മാര്‍ക്ക് അവരുടെ ജാതകങ്ങളില്‍ നക്ഷത്രദശകള്‍ അവസാനിക്കുന്നത് ഒരേ കാലഘട്ടത്തിലായാല്‍ ദോഷമുണ്ട്. ഒരു ദശ അവസാനിച്ച് മറ്റൊരു ദശ ആരംഭിക്കുന്ന ഘട്ടത്തെയാണ് ദശാസന്ധിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ദശാസന്ധികള്‍ പൊതുവെ ദുരിതകരമായിരിക്കും. ദമ്പതികള്‍ക്ക് ഒരേകാലത്ത് ദശാസന്ധി വന്നാല്‍ സാരമായ ദുരിതാനുഭവങ്ങള്‍ ഉണ്ടാവാമെന്നതുകൊണ്ട് അത്തരത്തിലുള്ള സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഉത്തമം. ദശാസന്ധികള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ മാത്രമേ വിവാഹബന്ധം പരിഗണിക്കാവൂ. ജാതകപ്രകാരം അവസാനിക്കുന്ന ദശയുടെ അധിപനും അപഹാരനാഥനും ആരംഭിക്കുന്ന ദശയുടെ നാഥനും സ്വാപഹാരവും ശുഭഫലപ്രദമാണെങ്കില്‍ ദശാസന്ധിയോഗത്തിനു പ്രാബല്യം കുറഞ്ഞിരിക്കുമെന്ന് കൂടി ദശാസന്ധിദോഷം പരിശോധിക്കുമ്പോള്‍ പരിഗണിക്കേണ്ടതാണ്. അങ്ങനെ വന്നാല്‍, ഇരുവര്‍ക്കും ദശാസന്ധികള്‍ക്ക് ആറ് മാസത്ത വ്യത്യാസം വന്നാല്‍ മതിയാവുന്നതാണ്.


അടുത്തയാഴ്ച “ പാപസാമ്യം എങ്ങനെ അറിയാം ?


എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ജ്യോതിഷം, പൊരുത്തം, വിവാഹം, നക്ഷത്രപ്പൊരുത്തം, യോഗങ്ങള്