സുഖപ്രദവും സര്‍വ സൌഭാഗ്യങ്ങളോടും കൂടിയ ഒരു വിവാഹ ജീവിതമാണ് നാമെല്ലാം ആഗ്രഹിക്കുക. ഐശ്വര്യപൂര്‍ണമായ ദാമ്പത്യജീവിതത്തിനു വേണ്ടിയാണ് പൊരുത്തങ്ങള്‍ നോക്കാറുള്ളത്. ദീര്‍ഘായുസ്സും ആരോഗ്യവും നെടുമംഗല്യവും പ്രദാനം ചെയ്യുന്ന ദിനപ്പൊരുത്തം, സ്ത്രീദീര്‍ഘപ്പൊരുത്തം എന്നിവയെ കുറിച്ച് മനസ്സിലാക്കാം,
ദിനപ്പൊരുത്തം
“ദിനമായുഷ്യമാരോഗ്യം” എന്നതിനാല്‍ ദിനപ്പൊരുത്തം ഉണ്ടായാല്‍ ദീര്‍ഘായുസ്സും ആരോഗ്യവും ഫലം. കൂടാതെ, സ്ത്രീ പുരുഷന്‍മാര്‍ക്ക് മാനസികമായ യോജിപ്പും സുഖജീവിതവും ഈ പൊരുത്തം മൂലമുണ്ടാവുമെന്ന് കണക്കാക്കുന്നുണ്ട്.
പൊതുവെ, സ്ത്രീ നക്ഷത്രത്തില്‍ നിന്നും 3-5-7 നാളുകള്‍ വര്‍ജ്ജിക്കേണ്ടതാണ്. സ്ത്രീ നക്ഷത്രത്തിന്റെ ഒന്നാം അനുജന്മ നക്ഷത്രത്തില്‍ നിന്നും മൂന്നാമത്തെ നാളിന്റെ ആദ്യ പാദവും അഞ്ചാം നാളിന്റെ നാലാം പാദവും ഏഴാം നാളിന്റെ മൂന്നാം പാദവും പുരുഷന്‍ ജനിച്ച നക്ഷത്ര പാദമായി വന്നാല്‍ വര്‍ജ്ജിക്കേണ്ടതാണ്.
സ്ത്രീ നക്ഷത്രത്തിന്റെ രണ്ടാം അനുജന്‍മ നക്ഷത്രത്തില്‍ നിന്നും 3-5-7 നാളുകളുടെ ഏതെങ്കിലും പാദങ്ങള്‍ പാപരാശികളില്‍ വരുന്നുണ്ട് എങ്കില്‍ ആ പാദങ്ങളില്‍ ജനിച്ച പുരുഷനെയും വര്‍ജ്ജിക്കണം. ഇതുകൂടാതെ, സ്ത്രീ ജനിച്ച നക്ഷത്ര പാദത്തില്‍ നിന്നും 88 ആം നക്ഷത്ര പാദത്തിലും 108 ആം നക്ഷത്ര പാദത്തിലും ജനിച്ച പുരുഷനെയും വര്‍ജ്ജിക്കേണ്ടതാണ്.
സ്ത്രീപുരുഷന്‍മാര്‍ ഒരേ നക്ഷത്രജാതരാണെങ്കില്‍ സ്ത്രീയുടെ ചന്ദ്രസ്ഫുടം പുരുഷന്റെ ചന്ദ്രസ്ഫുടത്തിനു പിന്നിലാണെങ്കില്‍ സ്വീകാര്യവും മുന്നിലാണെങ്കില്‍ വര്‍ജ്ജ്യവുമാണ്. രാശിപ്പൊരുത്തമോ യോനിപ്പൊരുത്തമോ ഉത്തമമാണെങ്കില്‍ ദിനപ്പൊരുത്തമില്ലായ്മ കൊണ്ടുള്ള ദോഷം ഉണ്ടാവുന്നതല്ല. രണ്ടാം അനുജന്മ നക്ഷത്രത്തിന്റെ മൂന്നാം നാളിന്റെ ആദ്യ പാദവും അഞ്ചാം നാളിന്റെ നാലാം പാദവും ഏഴാം നാളിന്റെ മൂന്നാം കാലും പാപരാശികളില്‍ വന്നില്ലെങ്കിലും വര്‍ജ്ജിക്കേണ്ടതാണ്.
സ്ത്രീദീര്‍ഘപ്പൊരുത്തം
“സ്ത്രീദീര്‍ഘം സര്‍വ്വസമ്പദഃ” എന്ന പ്രമാണപ്രകാരം ഭൌതികമായ ശുഭാനുഭവങ്ങളും സാമ്പത്തികമായ അഭിവൃദ്ധിയുമാണ് ഈ പൊരുത്തം കൊണ്ട് കണക്കാക്കുന്നത്. സ്ത്രീയുടെ നക്ഷത്രത്തില്‍ നിന്നും പുരുഷന്റെ നക്ഷത്രം പതിനഞ്ചാമത്തേത് മുതലാണെങ്കില്‍ സ്ത്രീ ദീര്‍ഘപ്പൊരുത്തം ഉത്തമമാണ്. സ്ത്രീയുടെ നക്ഷത്രത്തില്‍ നിന്നും പുരുഷന്റെ നക്ഷത്രം പരമാവധി അകന്നിരിക്കുന്നതാണ് ഉത്തമം. നെടുമംഗല്യമാണ് ഈ പൊരുത്തത്തിന്റെ മറ്റൊരു പ്രധാന ഫലം.
സ്ത്രീയുടെ നക്ഷത്രത്തില്‍ നിന്നും 9 നാളുകള്‍ക്കുള്ളിലാണ് പുരുഷന്‍ ജനിച്ചിരിക്കുന്നത് എങ്കില്‍ ശുഭകരമല്ല. 9 മുതല്‍ 14 വരെ മധ്യമമായി കണക്കാക്കാം. 15 മുതല്‍ 27 വരെ ഉത്തമമായും കണക്കാക്കാം. രാശി-രാശ്യാധിപ പൊരുത്തങ്ങള്‍ ഉത്തമമായാല്‍ സ്ത്രീദീര്‍ഘപ്പൊരുത്തത്തിന്റെ അഭാവം പരിഹൃദമാവും. ഈ പൊരുത്തമുണ്ടെങ്കില്‍ ഗണപ്പൊരുത്ത ദോഷത്തിനു പരിഹാരവുമാണ്. പുരുഷ ജാതകത്തില്‍ ആയുര്‍ബലമുണ്ടായിരിക്കുകയും സ്ത്രീക്ക് വൈധവ്യ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്താലും ഈ പൊരുത്തമില്ലെങ്കിലും ദോഷമൊന്നും ഉണ്ടാകുന്നതല്ല.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386