ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » മാഹേന്ദ്രപ്പൊരുത്തം, ഗണപ്പൊരുത്തം ഇവയെങ്ങനെ? (How to find Mahendra and Gana matching)
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
Meena
PRO
PRO
ശോഭനവും സുദൃഢവുമായ വിവാഹ ബന്ധം ഉറപ്പാക്കാനായാണ് പൊരുത്തങ്ങള്‍ നോക്കുന്നത്. ഇവിടെ മാഹേന്ദ്രപ്പൊരുത്തവും ഗണപ്പൊരുത്തവുമാണ് വിശദീകരിക്കുന്നത്.

മാഹേന്ദ്രപ്പൊരുത്തം

സ്ത്രീയുടെ ജന്മ നക്ഷത്രത്തില്‍ നിന്ന് 4, 7, 10 നാളുകളില്‍ പുരുഷന്‍ ജനിച്ചാല്‍ മാഹേന്ദ്രപ്പൊരുത്തമുണ്ട്. സ്ത്രീയുടെ നാളില്‍ നിന്നും വളരെ അകന്ന നാളില്‍ ജനിച്ച പുരുഷനാണ് ഉത്തമം. അപ്പോള്‍, അനുജന്മ നക്ഷത്രങ്ങളുടെ 4, 7, 10 നാളുകള്‍ക്ക് ശുഭക്കൂടുതലുണ്ടെന്ന് വരുന്നു. ദിനപ്പൊരുത്തത്തില്‍ ഏഴാം നാള്‍ വര്‍ജ്ജിക്കണമെന്നുണ്ട്. അതിന്റെ ഗുണദോഷങ്ങളെ ഈ പൊരുത്തം ബാധിക്കുകയില്ല.

മാഹേന്ദ്രപ്പൊരുത്തം സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള പുരുഷന്റെ കായികവും സാമ്പത്തികവും ഒപ്പം മാനുഷികവുമായ കഴിവുകളെയാണ് സൂചിപ്പിക്കുന്നത്. “മാഹേന്ദ്രാത് പുത്രവൃദ്ധിശ്ച” എന്നതിനാല്‍ ഈ പൊരുത്തം സന്താന ലാഭകരം കൂടിയാണ്. സ്ത്രീയെയും സന്താനപരമ്പരകളെയും സുഖകരമായി സംരക്ഷിക്കാനുള്ള കഴിവും ആകഴിവില്‍ മറ്റുള്ളവര്‍ക്ക് സംതൃപ്തിയും ഈ പൊരുത്തം കൊണ്ട് ഉണ്ടാവും.

രാശ്യാധിപ്പൊരുത്തം, ദിനപ്പൊരുത്തം എന്നിവയുടെ ദോഷത്തെ ഈ പൊരുത്തം ഇല്ലായ്മ ചെയ്യും. പുരുഷന്‍ ജനിച്ച നാളില്‍ നിന്നും സ്ത്രീയുടെ ജന്‍‌മ നക്ഷത്രം നാലാമത്തേത് ആണെങ്കില്‍ മാഹേന്ദ്രയോഗമെന്ന് പറയും. ധനധാന്യസമൃദ്ധിയാണൊതിന്റെ ഫലം. പുരുഷന്‍ ജനിച്ച നാളില്‍ നിന്ന് ഏഴാമത്തേതാണ് സ്ത്രീയുടെ നാളെങ്കില്‍ ഉപേന്ദ്രയോഗമെന്നും പറയും. സന്താനയോഗമാണിതിന്റെ ഫലം.

ഗണപ്പൊരുത്തം

“ശോഭനം ഗണമേവച” എന്ന പ്രമാണപ്രകാരം ഗണപ്പൊരുത്തം ഉത്തമമായാല്‍ ദാമ്പത്യ ജീവിതം ശുഭകരവും സന്തോഷപ്രദവും ആയിരിക്കും. ഗണപ്പൊരുത്തം ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയെയും തന്നിമിത്തമുള്ള കലഹാദികളെയും പരിഹരിക്കുന്നതാണ്. സ്ത്രീപുരുഷന്മാരുടെ മാനസികവും സാംസ്കാരികവുമായ യോജിപ്പിനെയാണ് ഈ പൊരുത്തംകൊണ്ട് സൂചിപ്പിക്കുന്നതെന്നര്‍ത്ഥം. “ ഗണമായാല്‍ ഗുണം പത്ത്” എന്നൊരു ആപ്തവാക്യവുമുണ്ട്.

മൊത്തമുള്ള 27 നക്ഷത്രങ്ങളെ 9 വീതം ദേവഗണം, അസുരഗണം, മനുഷ്യഗണം എന്ന് തരംതിരിച്ചിട്ടുണ്ട്. ഈ തരംതിരിവ് നക്ഷ്ത്രജാതരുടെ ജന്മസിദ്ധമായ സ്വഭാവഭേദങ്ങളെ ആസ്പദമാക്കിയുള്ളതാണ്. സ്ത്രീയും പുരുഷനും ഒരേ ഗണത്തില്‍ പെട്ട നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ഉത്തമമാണ്. എന്നാല്‍, ഭരണി, പൂരാടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളില്‍ മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീപുരുഷന്മാരും മകയിരം, പൂയം, അനിഴം എന്നീ ദേവഗണ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാരും ചിത്തിര, അവിട്ടം എന്നീ അസുരഗണ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാരും പരസ്പരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശുഭകരമല്ല. ഈ ഒമ്പത് നാളുകള്‍ ഒഴികെ മറ്റുള്ള നാളുകളില്‍ വരുന്ന ഗണൈക്യം രമ്യതയും ദാമ്പത്യ സുഖാനുഭവങ്ങളും സംതൃപ്തിയും പ്രദാനം ചെയ്യുന്നതാണ്.

ദേവഗണത്തില്‍ ജനിച്ച പുരുഷന് മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീ ശുഭപ്രദയാണ്. അതേസമയം, സ്ത്രീ ദേവഗണവും പുരുഷന്‍ മനുഷ്യഗണവുമായാല്‍ വര്‍ജ്ജിക്കേണ്ടതാണ്. അസുരഗണ പുരുഷന് മനുഷ്യഗണ സ്ത്രീ മധ്യമമായിരിക്കും. എന്നാല്‍, അസുരഗണ സ്ത്രീയും മനുഷ്യഗന പുരുഷനും തമ്മിലുള്ള ചേര്‍ച്ച ദോഷകരവുമായിരിക്കും. മൃത്യുഭയം വരെ ഉണ്ടാവാം.

ദേവാസുരഗണങ്ങളില്‍ പെട്ട സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹ ബന്ധത്തില്‍ സ്വൈര്യതയും സ്വസ്ഥതയും ഉണ്ടാവില്ല. അഭിപ്രായ വ്യത്യാസങ്ങളും അന്തഃഛിദ്രതയും ഉണ്ടാവുന്നതുമാണ്. ഇതിനു പരിഹാരം വശ്യപ്പൊരുത്തമാണ്. പുരുഷന്‍ മനുഷ്യഗണത്തിലും സ്ത്രീ അസുരഗണത്തിലും ഉള്ള വിവാഹബന്ധത്തില്‍ മൃത്യുഭയം ഉണ്ടാകാമെന്ന് പറഞ്ഞല്ലോ. എന്നാല്‍, രണ്ട് ജാതകങ്ങളിലും പൂര്‍ണമായ ആയുര്‍ബലമോ സ്ത്രീ ദീര്‍ഘപ്പൊരുത്തമോ രാശ്യാധിപപ്പൊരുത്തമോ സമസപ്തമരാശി സ്ഥിതിയോ ഉണ്ടായിരിക്കുക എന്നുവന്നാല്‍ പരിഗണിക്കാവുന്നതുമാണ്. പക്ഷേ, വേധപ്പൊരുത്തവും രജ്ജുപ്പൊരുത്തവും കൂടി അധമമായാല്‍ ജാതകത്തിലെ ആയുര്‍ബ്ബലം മുതലായവ നല്ലസ്ഥിതിയില്‍ ആയിരുന്നാല്‍ കൂടി വര്‍ജ്ജിക്കേണ്ടതാണ്.

മനുഷ്യഗണ പുരുഷനു ദേവഗണ സ്ത്രീ ആയാല്‍ നാനാപ്രകാരത്തിലുള്ള ഭയങ്ങളും കഷ്ടപ്പാടുകളും ഉണ്ടാവും. എന്നാല്‍, രണ്ട് പേരുടെയും ജാതകങ്ങളില്‍ ഭാവി ഐശ്വര്യമായും രാശിപ്പൊരുത്തം, മാഹേന്ദ്രപ്പൊരുത്തം എന്നിവ ഉത്തമമായും കാണുന്നുണ്ടെങ്കില്‍ വിവാഹബന്ധത്തില്‍ സംതൃപ്തിയും ഐശ്വര്യവും പൊതുവെ ഉണ്ടായിരിക്കുന്നതാണ്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മാഹേന്ദ്രപ്പൊരുത്തം, ഗണപ്പൊരുത്തം, വിവാഹപ്പൊരുത്തം, ജ്യോതിഷം, പൊരുത്തം