ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » സൂര്യകാലടിയുടെ ഐതിഹ്യം
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
ഐതിഹ്യമാലയിലെ കാലടിമനയെക്കുറിച്ചുള്ള അധ്യായം മറക്കുന്നതെങ്ങിനെ? സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദഗ്രന്ഥം സ്വന്തമാക്കിയ കാലടിമനയുടെ പാരമ്പര്യത്തെപ്പറ്റി കൊട്ടാരത്തില്‍ ശങ്കുണ്ണി വിസ്തരിച്ച്‌ പ്രസ്താവിക്കുന്നുണ്ട്‌. പരദേവതകള്‍ കുടിയിരിക്കുന്ന, തേക്കില്‍ തീര്‍ത്ത നാലുകെട്ടോടുകൂടിയ, ഹോമുകുണ്ഡമണയാത്ത കാലടിമനയെക്കുറിച്ചാവട്ടെ ഇത്തവണത്തെ ലേഖനം.

കാലടിമനയില്‍ ആറ്റുനോറ്റുണ്ടായ ഉണ്ണിയുടെ ഉപനയനസമയത്ത്‌ അവന്‍ അമ്മയോട്‌ ചോദിച്ചു തന്റെ പിതാവാരാണെന്ന്‌. ഇത്രയും കാലം ആരുമറിയാതെ സൂക്ഷിച്ച്‌ രഹസ്യം ഇനിയും ഒളിക്കാനാവാതെ ആ അമ്മ പറഞ്ഞു തുടങ്ങി.

തൃശ്ശൂര്‍ പൂരം കാണാന്‍ പോയതാണെത്രെ ഉണ്ണിയുടെ പിതാവ്‌ കാലടി ഭട്ടതിരിയും മറ്റൊരു നമ്പൂതിരിയും. നേരം രാത്രിയായിരിക്കുന്നു. ഒരു യക്ഷിപ്പറമ്പിലൂടെയാണ്‌ അവര്‍ നടന്ന്‌ പോയിക്കൊണ്ടിരിക്കുന്നത്‌. ഭയന്ന്‌ വിറച്ച്‌ നടന്നിരുന്ന അവരെ ആശ്വസിപ്പിക്കാനെന്നോണം പെട്ടെന്നതാ രണ്ട്‌ സുന്ദരികള്‍.

യക്ഷിപ്പറമ്പിലൂടെയുള്ള ഈ യാത്ര അപകടം വിളിച്ചു വരുത്തുമെന്നും രാത്രി അടുത്തുതന്നെയുള്ള മാളികയില്‍ താമസിച്ച്‌ നാളെ പോയാല്‍ മതിയെന്നും സുന്ദരികള്‍ പറഞ്ഞത്‌ ഭട്ടതിരിയും നമ്പൂതിരിയും വിശ്വസിച്ചു. എന്നാല്‍ മാളികയില്‍ കടന്നതോടെ സുന്ദരികളുടെ ഭാവം മാറി. മനുഷ്യ നിണത്തിനായി കാത്തിരിക്കുകയായിരുന്ന അവര്‍ യഥാര്‍ത്ഥരൂപം കൈക്കൊണ്ടു.

കരഞ്ഞപേക്ഷിച്ചെങ്കിലും സാത്വികരായ ബ്രാഹ്മണന്‍മാരെ യക്ഷികള്‍ പീഡിപ്പിക്കാന്‍ തുടങ്ങി. ഭാഗ്യത്തിന്‌ നമ്പൂതിരിയുടെ കയ്യില്‍ ദേവീമാഹാത്മ്യ ഗ്രന്ഥമുണ്ടായിരുന്നതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ പാവം കാലടി ഭട്ടതിരിയാവട്ടെ യക്ഷികള്‍ക്ക്‌ ആഹാരമാവുകയും ചെയ്‌തു - കഥ പറഞ്ഞു തീര്‍ന്നതും ആ അമ്മയുടെ കണ്ണില്‍നിന്ന്‌ കണ്ണുനീര്‍ ധാരധാരയായൊഴുകി.

പിതാവിനെ ആഹാരമാക്കിയ യക്ഷിയെ സംഹരിക്കാതെ താനിനി അടങ്ങില്ലെന്ന്‌ ഉണ്ണി ഉഗ്രശപഥമെടുത്തു. സ്ഥിരോത്സാഹിയായ ആ ഉണ്ണി, നീണ്ടനാളത്തെ കഠിനതപസ്സിനാല്‍ സൂര്യദേവനെ പ്രത്യക്ഷപ്പെടുത്തി. മന്ത്രതന്ത്രങ്ങളടങ്ങിയ ഒരു അമൂല്യഗ്രന്ഥമാണ്‌ സൂര്യദേവന്‍ ഉണ്ണിക്ക്‌ കൊടുത്തത്‌. സൂര്യദേവനെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടിയതിനാല്‍ കാലടിമനയങ്ങിനെ സൂര്യകാലടിയായി.