പെലെയെ മ്യൂസിയത്തിലേക്ക് മാറ്റണം: മറഡോണ

ജോഹ്നാസ്‌ബര്‍ഗ്| WEBDUNIA|
PRO
ബ്രസീലിന്‍റെ ഇതിഹാസ താരം പെലെയ്ക്കും യുവേഫ പ്രസിഡന്‍റും മുന്‍ ഫ്രഞ്ച് നായകനുമായ മിഷേല്‍ പ്ലാറ്റീനിയ്ക്കുമെതിരെ അര്‍ജന്‍റീനയുടെ പരിശീലകനും ഇതിഹാസ താരവുമായ മറഡോണയുടെ സ്പോട് കിക്ക്. മറഡോണ അര്‍ജന്‍റീനയുടെ പരിശീലകനായത് പണത്തിനുവേണ്ടിയാണെന്ന പെലെയുടെ പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

പെലെയുടെ പ്രസ്താവനയില്‍ എനിക്ക് അത്ഭുതമില്ല. അദ്ദേഹത്തെ മ്യൂസിയത്തിലേക്ക് മാറ്റേണ്ട സമയമായെന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറഡോണയുടെ മറുപടി. കളിക്കാരനെന്ന നിലയില്‍ മറഡോണ മഹാനാണെങ്കിലും കോച്ച് എന്ന നിലയില്‍ അദ്ദേഹം അത്ര പോരെന്ന മിഷേല്‍ പ്ലാറ്റിനിയുടെ പ്രസ്താവനയിലും തനിക്ക് വലിയ അത്ഭുതമൊന്നുമില്ലെന്ന് മറഡോണ പറഞ്ഞു.

ഫ്രാന്‍സ് ഏതുവരെ പോകുമെന്ന് നമുക്ക് കണ്ടറിയാം. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ കേമന്‍‌മാരാണെന്നാണ് പ്ലാറ്റിനിയുടെയും ഫ്രാന്‍സിന്‍റെയും വിചാരം. പ്ലാറ്റിനിയുമായി തനിക്ക് വലിയ അടുപ്പമൊന്നുമില്ലെന്നും ഹായ്, ഗുഡ്ബൈ ബന്ധം മാത്രമെ ഉള്ളൂവെന്നും മറഡോണ പറഞ്ഞു.

ജബുലാനി പന്തിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും മറഡോണ പറഞ്ഞു. എല്ലാവരും അതേപ്പറ്റിയാണ് സംസാരിക്കുന്നത്. എങ്കിലും പന്ത് ഒരു നിര്‍ണായക ഘടകമാണെന്ന് എനിക്ക് ഉറപ്പുണ്ട്. പെലെയും പ്ലാറ്റിനിയും തന്നെക്കുറിച്ചുള്ള വാചകമടി നിര്‍ത്തി ഈ പന്തൊന്ന് തട്ടി നോക്കട്ടെയെന്നും മറഡോണ പറഞ്ഞു.

ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്‍റീന ഇന്ന് ദക്ഷിണകൊറിയയെ നേരിടും. ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന ഏകപക്ഷീയമായ ഒരുഗോളിന് നൈജീരിയയെ മറികടന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :