ലോകകപ്പ് ഫുട്ബോളില്‍ ഐവറികോസ്റ്റിനെതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രംഗത്ത്. മത്സരത്തില്‍ തന്നെ ഫൌള്‍ ചെയ്ത ഐവറി താരത്തിനൊപ്പം തനിക്കും മഞ്ഞക്കാര്‍ഡ് നല്‍കിയ റഫറിയുടെ നടപടിയാണ് റൊണാള്‍ഡോയെ ചൊടിപ്പിച്ചത്.
കളിക്കാരും കളിയുമെല്ലാം അതിവേഗതയിലുള്ളതാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാലും ചിലസമയത്ത് റഫറിമാരുടെ തീരുമാനങ്ങള്‍ തനിക്ക് മനസ്സിലാവുന്നില്ലെന്ന് റോണോ പറഞ്ഞു. ഞാന്‍ അവരെ ബഹുമാനിയ്ക്കുന്നു. എന്നാല്‍ ചിലസമയങ്ങളില്‍ അപകടകാരിയായ കളിക്കാരെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കാറില്ല. ആദ്യ പകുതിയില്‍ എന്നെ ഐവറിതാരം ഫൌള്‍ ചെയ്തു.
എന്നാല്‍ ഫൌള്‍ ചെയ്ത കളിക്കാരനൊപ്പം എനിക്കും കിട്ടി മഞ്ഞക്കാര്‍ഡ്. ഇത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഫുട്ബോളെന്നാല്‍ ഇങ്ങനെയൊക്കെയാണ്. ഒരു മഞ്ഞക്കാര്‍ഡ് കിട്ടിയ സ്ഥിതിയ്ക്ക് എനിക്ക് ഇതിനെതിരെ കൂടുതല്‍ പ്രതികരിക്കാനുമാവില്ല. റഫറിമാരുടെ തീരുമാനങ്ങളെക്കുറിച്ച് കൂടുതല്‍ പറയാന്‍ താന്‍ ആളല്ലെന്നും റോണോ വ്യക്തമാക്കി.
ഐവറികോസ്റ്റിനെതിരെ കടുത്ത മാര്‍ക്കിംഗിന് വിധേയനായ സൂപ്പര്‍താരത്തിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ഇത് പോര്‍ച്ചുഗലിന്‍റെ മുന്നേറ്റങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ബ്രസീല്‍ കൂടി ഉള്‍പ്പെടുന്ന മരണഗ്രൂപ്പില്‍ ഐവറികോസ്റ്റും പോര്‍ച്ചുഗലും ഗോളൊന്നുമടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു.