ധോണിയ്ക്കെതിരെ ഗവാസ്കറും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷമുള്ള രാത്രി പാര്‍ട്ടികളാണ് ട്വന്‍റി-20 ലോകകപ്പിലെ ദയനീയ തോല്‍‌വിയ്ക്ക് കാരണമെന്ന ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അഭിപ്രായത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കറും രംഗത്ത്. ഐ പി എല്ലാണ് തോല്‍‌വിയ്ക്ക് കാരണമെന്ന് പറയുന്നത് വിഢ്ഡിത്തമാണെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ പറഞ്ഞു.

ഐ പി എല്ലാണ് തോല്‍‌വിയ്ക്ക് കാരണമെങ്കില്‍ ശ്രീലങ്ക സെമിയിലെത്തുമായിരുന്നില്ല. ഇംഗ്ലണ്ട് ഫൈനലിലും എത്തുമായിരുന്നില്ല. ഓസ്ട്രേലിയന്‍ ടീമിന്‍റെ കാര്യവും ഇതുപോലെ തന്നെയാണ്. ഈ രാജ്യങ്ങളിലെ ഒട്ടുമിക്ക താരങ്ങളും ഐ പി എല്ലില്‍ കളിച്ചിട്ടുണ്ട്. തങ്ങളുടേതായ ദിവസം മികച്ച കളി പുറത്തെടുക്കുന്നവര്‍ ജയിക്കും. അല്ലാത്തവര്‍ തോല്‍‌ക്കും. യഥാര്‍ത്ഥത്തില്‍ ഐ പി എല്‍ കളിക്കുന്ന താരങ്ങള്‍ക്ക് മറ്റ് താരങ്ങളേക്കാള്‍ കൂടുതല്‍ പരിശീലനം ലഭിക്കുകയാണ് ചെയ്യുന്നത്.

ഐ പി എല്‍ പാര്‍ട്ടികളാണ് തോല്‍‌വിയ്ക്ക് കാരണമെന്നാണ് ധോണി പറയുന്നത്. ഇതൊന്നും ഒരു ഒഴിവുകഴിവല്ല. ഐ പി എല്‍ മത്സരങ്ങള്‍ അവസാനിക്കുന്നത് 11.30, 12 മണിയോടെയാണ്. ഇതിനുശേഷവും ഊര്‍ജ്ജസ്വലരായ താരങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതും ആളുകളുമായി ഇടപഴകുകയും ചെയ്യുന്നതില്‍ എന്താണ് തെറ്റ്. ഈ പാര്‍ട്ടികള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ കപ്പ് നേടുമായിരുന്നോ. ഇതൊക്കെ വളരെ വിലകുറഞ്ഞ കാരണങ്ങളാണ്.

കളിക്കാര്‍ 100 % ടീമിനായി സമര്‍പ്പിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. എല്ലാവര്‍ക്കും അവരുടേതായ ലക്‍ഷ്യങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. എന്നാല്‍ ഭാവിയില്‍ ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ ഓര്‍ക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവര്‍ എപ്പോഴും സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയേ ഉള്ളു. ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടുള്ള കളിക്കാരെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ അയച്ച് പരിശീലനം നല്‍കുകയാണ് വേണ്ടത്.

അവിടെ അവര്‍ക്ക് ബൌളിംഗ് മെഷീന്‍റെ സഹായത്തോടെയോ ജൂനിയര്‍ ക്രിക്കറ്റര്‍മാരുടെ സഹായത്തോടെയോ ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ പഠിക്കാം. എന്‍റെ പക്കല്‍ വരികയാണെങ്കില്‍ ഞാനും സഹായിക്കാം. ധോണിയുടേത് മാത്രമല്ല ആരുടെയും സ്ഥാനം ടീമില്‍ സ്ഥിരമാണെന്ന് കരുതാനാവില്ല. എങ്കിലും ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയെ നയിക്കാന്‍ ധോണി തന്നെയാണ് മികച്ച വ്യക്തിയെന്നും ഗവാസ്കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :