തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ പേര് വെളിപ്പെടുത്തണമെന്ന് മുന്‍ ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി ബി സി സി ഐയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ വിശ്വസനീയ കേന്ദ്രങ്ങളാണെന്ന് ബി സി സി ഐ പറയുന്നതല്ലാതെ ആരാണ് ഈ വിശ്വസനീയ കേന്ദ്രങ്ങളെന്ന് വ്യക്തമാക്കുന്നില്ലെന്ന് മോഡി കത്തില്‍ കുറ്റപ്പെടുത്തി. വിശ്വസനീയ കേന്ദ്രങ്ങളെന്നത് ഒരു സങ്കല്‍പ്പം മാത്രമാണെന്നും മോഡി പറഞ്ഞു.
ഞാന്‍ എന്‍റെ കത്തില്‍ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു ആരാണ് ഈ വിശ്വസനീയ കേന്ദ്രങ്ങളെന്ന് വ്യക്തമാക്കണമെന്നാണ്. എന്നാല്‍ ബോര്‍ഡിനോട് നേരിട്ട് പറഞ്ഞ വിവരങ്ങള്‍ പുറത്തു വിടുന്നത് നിയമവിരുദ്ധവും നീതികേടുമാണ് എന്നാണ് നിങ്ങള്‍ പറയുന്നത്. എന്‍റെ നിഗമനങ്ങള്‍ ശരിയാണെന്നാണ് ഇത് കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു വിശ്വസനീയ കേന്ദ്രമില്ല. എല്ലാം വെറും പുകമറമാത്രമാണ്.
അതുകൊണ്ട് തന്നെ അജ്ഞാതരായ വ്യക്തികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. അല്ലെങ്കില്‍ ഈ വിശ്വസനീയ കേന്ദ്രങ്ങള്‍ ആരായിരുന്നുവെന്ന് നിങ്ങള്‍ വ്യക്തമാക്കണമെന്നും മോഡി കത്തില്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നാലെണ്ണത്തിന് മാത്രമാണ് ബി സി സി ഐ രേഖകള്‍ നല്‍കിയതെന്നും മോഡി പറഞ്ഞു.
ബാക്കിയുള്ളവയെല്ലാം വ്യക്തികള്‍ വാക്കാല്‍ പറഞ്ഞവയാണെന്നായിരുന്നു ബി സി സി ഐയുടെ വിശദീകരണം. അതിനാല്‍ ഈ വ്യക്തികളാരെന്ന് വ്യക്തമാക്കാതെ മറുപടി നല്‍കാനുമാവില്ലെന്നും മോഡി വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ 22 കുറ്റങ്ങളാണ് മോഡിയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ബി സി സി ഐ ചുമത്തിയിരുന്നത്. മറുപടി നല്‍കാനായി മോഡിയ്ക്ക് ഈ മാസം 15 വരെയാണ് സമയമനുവദിച്ചിരിക്കുന്നത്.