പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - എട്ടാം ദിവസം

"ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!
ഹാ! ഹ! മല്‍ പ്രാണേശ്വര! പാഹി മാം ഭയാതുരാം."
ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാന്‍ ജടായുവും.
"തിഷ്‌ഠതിഷ്‌ഠാഗ്രേ മമ സ്വാമിതന്‍പത്നിയേയും
കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!
അദ്ധ്വരത്തിങ്കല്‍ ചെന്നു ശുനകന്‍ മന്ത്രംകൊണ്ടു
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ."
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃദ്‌ധ്രരാജനുമൊരു പത്രവാനായുളേളാരു 1430
കുദ്‌ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി-
ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാന്‍.
അബ്ധിയും പത്രാനിലക്ഷുബ്ധമായ്‌ ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാല്‍നഖങ്ങളെക്കൊണ്ടു ചാപങ്ങള്‍ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു
തീക്ഷ്‌ണതുണ്ഡാഗ്രം കൊണ്ടു തേര്‍ത്തടം തകര്‍ത്തിതു
കാല്‍ക്ഷണംകൊണ്ടു കൊന്നുവീഴ്‌ത്തിനാനശ്വങ്ങളെ.
രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌വന്നു. 1440
യാത്രയും മുടങ്ങി മല്‍കീര്‍ത്തിയുമൊടുങ്ങിയെ-
ന്നാര്‍ത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോള്‍
ധാത്രീപുത്രിയെത്തത്ര ധാത്രിയില്‍ നിര്‍ത്തിപ്പുന-
രോര്‍ത്തു തന്‍ ചന്ദ്രഹാസമിളക്കി ലഘുതരം
പക്ഷിനായകനുടെ പക്ഷങ്ങള്‍ ഛേദിച്ചപ്പോ-
ളക്ഷിതിതന്നില്‍ വീണാനക്ഷമനായിട്ടവന്‍.
രക്ഷോനായകന്‍ പിന്നെ ലക്ഷ്‌മീദേവിയേയുംകൊ-
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാന്‍;
മറ്റാരും പാലിപ്പാനില്ലുറ്റവരായിട്ടെന്നോ- 1450
ര്‍ത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപ്പോള്‍
കറ്റവാര്‍കുഴലിയാം ജാനകീദേവിതാനും,
'ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ'ന്നു
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്‌കി
പൃത്ഥ്വീമണ്ഡലമകന്നാശു മേല്‍പോട്ടു പോയാള്‍.
"അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!
നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ!
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു
രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം! 1460
ലക്ഷ്‌മണാ! നിന്നോടു ഞാന്‍ പരുഷം ചൊന്നേനല്ലോ
രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ!
രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.
പ്രാണവല്ലഭ! പരിത്രാഹി മാം ജഗല്‍പതേ!
കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്പേ
സത്വരം വന്നു പരിപാലിച്ചുകൊളേളണമേ
സത്വചേതസാ മഹാസത്വവാരിധേ! നാഥ!"
ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ-
ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരന്‍ 1470
ചിത്തവേഗേന നടന്നീടിനാ,നതുനേരം
പൃത്ഥീപുത്രിയും കീഴ്‌പ്പോട്ടാശു നോക്കുന്നനേരം
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ
വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത-
ന്നുത്തരീയാര്‍ദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ-
ഭദ്രനു കാണ്മാന്‍ യോഗംവരികെന്നകതാരില്‍
സ്‌മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി;
മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപ്പോള്‍.
അബ്ധിയുമുത്തീര്യ തന്‍പത്തനം ഗത്വാ തൂര്‍ണ്ണം
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ 1480
ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ
ഹൃദ്യമാരായ നിജ രക്ഷോനാരികളേയും
നിത്യവും പാലിച്ചുകൊള്‍കെന്നുറപ്പിച്ചു തന്‍റെ
വസ്ത്യ‍മുള്‍പ്പുക്കു വസിച്ചീടിനാന്‍ ദശാനനന്‍.
ഉത്തമോത്തമയായ ജാനകീദേവി പാതി-
വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം.
വസ്‌ത്രകേശാദികളുമെത്രയും മലിനമായ്‌
വക്ത്രവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും
രാമ രാമേതി ജപധ്യാനനിഷ്‌ഠയാ ബഹു
യാമിനീചരകുലനാരികളുടെ മദ്ധ്യേ 1490
നീഹാരശീതാതപവാതപീഡയും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം
ലങ്കയില്‍ വസിച്ചിതാതങ്കമുള്‍ക്കൊണ്ടു മായാ-
സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്ലാത്തു?

സീതാന്വേഷണം

രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-
രാഗമക്കാതലായ രാഘവന്‍തിരുവടി.
നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
ബാലകന്‍വരവീഷദ്ദൂരവേ കാണായ്‌വന്നു. 1500
ലക്ഷ്‌മണന്‍ വരുന്നതു കണ്ടു രാഘവന്‍താനു-
മുള്‍ക്കാമ്പില്‍ നിരൂപിച്ചു കല്‍പിച്ചു കരണീയം.
"ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാര്‍ത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ
ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു?
അഗ്നിമണ്ഡലത്തിങ്കല്‍ വാഴുന്ന സീതതന്നെ
ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ 1510
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാല്‍ പിന്നെ-
ത്തല്‍ക്കുലത്തോടുംകൂടെ രാവണന്‍തന്നെക്കൊന്നാല്‍
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാല്‍
കൈക്കൊണ്ടുപോകാമയോദ്ധ്യയ്ക്കു വൈകാതെ, പിന്നെ
അക്ഷയധര്‍മ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചില്‍ കാലം ഭൂമിയില്‍ വസിച്ചീടാം.
പുഷ്കരോല്‍ഭവനിത്ഥം പ്രാര്‍ത്ഥിക്കനിമിത്തമാ-
യര്‍ക്കവംശത്തിങ്കല്‍ ഞാന്‍ മര്‍ത്ത്യനായ്പിറന്നതും.
മായാമാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്ലുകയും 1520
ഭക്തിമാര്‍ഗ്ഗേണ ചെയ്യും മര്‍ത്ത്യനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാന്‍
പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരില്‍
നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍ഃ
"പര്‍ണ്ണശാലയില്‍ സീതയ്ക്കാരൊരു തുണയുളളൂ?
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ
കണ്ടകജാതികള്‍ക്കെന്തോന്നരുതാത്തതോര്‍ത്താല്‍?" 1530
1| 2| 3| 4| 5| 6| 7| 8
കൂടുതല്‍
രാമായണപാരായണം - ഏഴാം ദിവസം
രാമായണപാരായണം - ആറാം ദിവസം
രാമായണപാരായണം - അഞ്ചാം ദിവസം
രാമായണ പാരായണം - നാലാം ദിവസം
രാമായണ പാരായണം - മൂന്നാം ദിവസം
ശ്രീരാമ കഥ- രാമായണ കഥ