പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - എട്ടാം ദിവസം

അഗ്രജനുടെ വിലാപങ്ങള്‍ കേട്ടീലേ ഭവാന്‍?
ഉഗ്രന്മാരായ നിശാചരന്മാര്‍ കൊല്ലുംമുമ്പെ
രക്ഷിച്ചുകൊള്‍ക ചെന്നു ലക്ഷ്‌മണ! മടിയാതെ
രക്ഷോവീരന്മാരിപ്പോള്‍ കൊല്ലുമല്ലെങ്കിലയ്യോ!"
ലക്ഷ്‌മണനതു കേട്ടു ജാനകിയോടു ചൊന്നാന്‍ഃ
"ദുഃഖിയായ്‌ കാര്യേ! ദേവി! കേള്‍ക്കണം മമ വാക്യം.
മാരീചന്‍തന്നേ പൊന്മാനായ്‌വന്നതവന്‍ നല്ല
ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ.
അന്ധനായ്‌ ഞാനുമിതു കേട്ടു പോയകലുമ്പോള്‍
നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലൊ 1320
പങ്ക്തികന്ധരന്‍ തനിക്കതിനുളളുപായമി-
തെന്തറിയാതെയരുള്‍ചെയ്യുന്നി,തത്രയല്ല
ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായല്ലൊ
രാഘവന്‍തിരുവടിതന്നെയെന്നറിയണം.
ആര്‍ത്തനാദവും മമ ജ്യേഷ്ഠനുണ്ടാകയില്ല
രാത്രിചാരികളുടെ മായയിതറിഞ്ഞാലും
വിശ്വനായകന്‍ കോപിച്ചീടുകിലരക്ഷണാല്‍
വിശ്വസംഹാരംചെയ്‌വാന്‍പോരുമെന്നറിഞ്ഞാലും.
അങ്ങനെയുളള രാമന്‍തന്മുഖാംബുജത്തില്‍നി-
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!" 1330
ജാനകിയതു കേട്ടു കണ്ണുനീര്‍ തൂകിത്തൂകി
മാനസേ വളര്‍ന്നൊരു ഖേദകോപങ്ങളോടും
ലക്ഷ്‌മണന്‍തന്നെ നോക്കിച്ചൊല്ലിനാളതുനേരം
"രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.
ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ
ചേതസി ദുഷ്‌ടാത്മാവേ! ഞാനിതോര്‍ത്തീലയല്ലോ.
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ
കാമസിദ്ധ്യര്‍ത്ഥമവന്‍തന്നുടെ നിയോഗത്താല്‍
കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാല്‍
ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്ലുവാന്‍ നൂനം. 1340
എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു-
മിന്നു മല്‍പ്രാണത്യാഗംചെയ്‌വേന്‍ ഞാനറിഞ്ഞാലും.
ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ-
സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.
രാമനെയൊഴിഞ്ഞു ഞാന്‍ മറ്റൊരു പുരുഷനെ
രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലൊ."
ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
സത്വരം പൊത്തിപ്പുനരവളോടുരചെയ്‌താന്‍ഃ
"നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
മെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും. 1350
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേ ചണ്ഡി!
ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം.
വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍
മനുവംശാധീശ്വരപത്നിയെ വഴിപോലെ."
ദേവിയെ ദേവകളെബ്ഭരമേല്‍പിച്ചു മന്ദം
പൂര്‍വജന്‍തന്നെക്കാണ്മാന്‍ നടന്നു സൗമിത്രിയും.

സീതാപഹരണം

അന്തരം കണ്ടു ദശകന്ധരന്‍ മദനബാ-
ണാന്ധനായവതരിച്ചീടിനാനവനിയില്‍.
ജടയും വല്‌ക്കലവും ധരിച്ചു സന്യാസിയാ-
യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും. 1360
ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു
തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ്‌
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും
ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാള്‍.
അത്രൈവ ഫലമൂലാദികളും ഭുജിച്ചുകൊ-
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!
ഭര്‍ത്താവു വരുമിപ്പോള്‍ ത്വല്‍പ്രിയമെല്ലാം ചെയ്യും
ക്ഷുത്തൃഡാദിയും തീര്‍ത്തു വിശ്രമിച്ചാലും ഭവാന്‍."
ഇത്തരം മായാദേവീമുഗ്‌ദ്ധാലാപങ്ങള്‍ കേട്ടു
സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യംചെയ്താന്‍ഃ 1370
"കമലവിലോചനേ! കമനീയാംഗി! നീയാ-
രമലേ! ചൊല്ലീടു നിന്‍ കമിതാവാരെന്നതും.
നിഷ്‌ഠുരജാതികളാം രാക്ഷസരാദിയായ
ദുഷ്‌ടജന്തുക്കളുളള കാനനഭൂമിതന്നില്‍
നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ-
രായുധപാണികളുമില്ലല്ലോ സഹായമായ്‌.
നിന്നുടെ പരമാര്‍ത്ഥമൊക്കവേ പറഞ്ഞാല്‍ ഞാ-
നെന്നുടെ പരമാര്‍ത്ഥം പറയുന്നുണ്ടുതാനും."
മേദിനീസുതയതുകേട്ടുരചെയ്‌തീടിനാള്‍ഃ
"മേദിനീപതിവരനാമയോദ്ധ്യാധിപതി 1380
വാട്ടമില്ലാത ദശരഥനാം നൃപാധിപ-
ജ്യേഷ്‌ഠനന്ദനനായ രാമനത്ഭുതവീര്യന്‍-
തന്നുടെ ധര്‍മ്മപത്നി ജനകാത്മജ ഞാനോ
ധന്യനാമനുജനു ലക്ഷ്‌മണനെന്നും നാമം.
ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്സിനാ-
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നില്‍.
പതിന്നാലാണ്ടു കഴിവോളവും വേണംതാനു-
മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും.
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന-
രെന്തിനായെഴുന്നളളി ചൊല്ലണം പരമാര്‍ത്ഥം." 1390
"എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!
പൗലസ്ത്യ‍തനയനാം രാക്ഷസരാജാവു ഞാന്‍
ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുളളു!
നിര്‍മ്മലേ! കാമപരിതപ്തനായ്‌ ചമഞ്ഞു ഞാന്‍
നിന്മൂലമതിന്നു നീ പോരണം മയാ സാകം.
ലങ്കയാം രാജ്യം വാനോര്‍നാട്ടിലും മനോഹരം
കിങ്കരനായേന്‍ തവ ലോകസുന്ദരി! നാഥേ!
താപസവേഷംപൂണ്ട രാമനാലെന്തു ഫലം?
താപമുള്‍ക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട. 1400
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു-
മരുണാധരി! മഹാഭോഗങ്ങള്‍ ഭുജിച്ചാലും."
രാവണവാക്യമേവം കേട്ടതി ഭയത്തോടും
ഭാവവൈവര്‍ണ്ണ്യംപൂണ്ടു ജാനകി ചൊന്നാള്‍ മന്ദംഃ
"കേവലമടുത്തിതു മരണം നിനക്കിപ്പോ-
ളേവം നീ ചൊല്ലുന്നാകില്‍ ശ്രീരാമദേവന്‍തന്നാല്‍.
സോദരനോടുംകൂടി വേഗത്തില്‍ വരുമിപ്പോള്‍
മേദിനീപതി മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍.
തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?
കഷ്‌ടമായുളള വാാ‍ക്കു ചൊല്ലാതെ ദുരാത്മാവേ! 1410
രാമബാണങ്ങള്‍കൊണ്ടു മാറിടം പിളര്‍ന്നു നീ
ഭൂമിയില്‍ വീഴ്‌വാനുളള കാരണമിതു നൂനം."
ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം
തിങ്ങീടും ക്രോധംപൂണ്ടു മൂര്‍ച്ഛിതനായന്നേരം
തന്നുടെ രൂപം നേരേ കാട്ടിനാന്‍ മഹാഗിരി-
സന്നിഭം ദശാനനം വിംശതിമഹാഭുജം
അഞ്ജനശൈലാകാരം കാണായനേരമുളളി-
ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും.
രാഘവപത്നിയേയും തേരതിലെടുത്തുവെ-
ച്ചാകാശമാര്‍ഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും. 1420
1| 2| 3| 4| 5| 6| 7| 8
കൂടുതല്‍
രാമായണപാരായണം - ഏഴാം ദിവസം
രാമായണപാരായണം - ആറാം ദിവസം
രാമായണപാരായണം - അഞ്ചാം ദിവസം
രാമായണ പാരായണം - നാലാം ദിവസം
രാമായണ പാരായണം - മൂന്നാം ദിവസം
ശ്രീരാമ കഥ- രാമായണ കഥ