ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല: ഭാഗവത്

നാഗ്പൂര്‍| WEBDUNIA| Last Modified ഞായര്‍, 17 ഒക്‌ടോബര്‍ 2010 (16:04 IST)
PRO
‘കാവി ഭീകരത‘ പ്രയോഗത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ആര്‍‌എസ്‌എസ് രംഗത്ത്. ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല എന്ന് ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഭീകരതയ്ക്കും ഹിന്ദുക്കള്‍ക്കും തമ്മില്‍ യോജിച്ചുപോകാന്‍ സാധിക്കില്ല. കാവി ഭീകരത, ഹൈന്ദവ ഭീകരത എന്നീ പ്രയോഗങ്ങള്‍ ഹിന്ദുക്കളുടെ ശക്തി കുറയ്ക്കാനും ന്യൂനപക്ഷ പ്രീണനത്തിനും വേണ്ടിയാണ്.

ഹിന്ദുക്കള്‍ ഉള്‍പ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു സമൂഹത്തെയാകെ കുറ്റപ്പെടുത്തുന്നത് നീതികരിക്കാന്‍ കഴിയില്ല. ഹിന്ദുക്കള്‍ പൊതുവെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാറില്ല എന്നും ഭാഗവത് പറഞ്ഞു.

യുപി‌എ സര്‍ക്കാരിനെ ഭീകരതയെ നേരിടാന്‍ കഴിയാത്തതു കാരണമാണ് ഹിന്ദു ഭീകരത എന്ന വിശേഷണം ഉടലെടുത്തത്. ഇത്തരം പ്രയോഗത്തിലൂടെ സന്ന്യാസിമാരെയും വിശിഷ്ട വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഭാഗവത് കുറ്റപ്പെടുത്തി.

അയോധ്യ രാമജന്മഭൂമിയായതിനാല്‍ അവിടെ രാമക്ഷേത്രം പണിയുന്നത് ഹിന്ദുക്കളുടെ അഭിമാനമാണ്. അലഹബാദ് ഹൈക്കോടതി വിധി ഹിന്ദു-മുസ്ലീം വൈരുദ്ധ്യങ്ങള്‍ കുഴിച്ചുമൂടുന്നതിനും പരസ്പര സഹകരണത്തോടെ കഴിയുന്നതിനും ഉള്ള സുവര്‍ണാവസരമാണ് നല്‍കിയിരിക്കുന്നത്.

കശ്മീര്‍ പ്രശ്നം സങ്കീര്‍ണ്ണവും ഗുരുതരവും ആണ്. ഗില്‍‌ചിത്, ബാള്‍ട്ടിസ്ഥാന്‍ മേഖല പാകിസ്ഥാന്‍ തട്ടിയെടുത്തത് ഇന്ത്യന്‍ പിഴവാണെന്ന് പറഞ്ഞ ഭാഗവത്, ചൈന ഈ പ്രദേശങ്ങളില്‍ സൈനിക വിന്യാസം നടത്താനുള്ള ശ്രമം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :