ആന്‍ഡേഴ്സന്‍: രാജീവ് എതിരായിരുന്നില്ല

ന്യൂഡല്‍ഹി| WEBDUNIA|
യൂണിയന്‍ കാര്‍ബൈഡ് തലവന് സുരക്ഷിത പാത ഒരുക്കുന്നതില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തല്‍. ഭോപ്പാല്‍ ദുരന്ത സമയത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന പി വി നരസിംഹറാവു ആണ് ആന്‍ഡേഴ്സന് സുരക്ഷിത പാത ഒരുക്കിയത് എന്നും ഇക്കാര്യം രാജീവ് എതിര്‍ത്തിരുന്നില്ല എന്നും മുന്‍ വിദേശകാര്യ സെക്രട്ടറി എം കെ രസ്ഗോത്രയാണ് വെളിപ്പെടുത്തിയത്.

ഭോപ്പാല്‍ ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനും അനുശോചനം അറിയിക്കാനുമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ യുഎസ് നയതന്ത്രകാര്യാലയം വഴിയാണ് ആന്‍ഡേഴ്സന്‍ ശ്രമം നടത്തിയത്. എന്നാല്‍, സുരക്ഷിത പാത ഒരുക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ വരാന്‍ സാധിക്കൂ എന്ന് അന്നത്തെ യുഎസ് നയതന്ത്ര ഉപമേധാവി ആയിരുന്ന ഗോര്‍ഡന്‍ സ്ട്രീബ് അറിയിച്ചിരുന്നതായും രസ്ഗോത്ര ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞു.

ആന്‍ഡേഴ്സന് സുരക്ഷിതപാത ആവശ്യപ്പെട്ട് സ്ട്രീബ് ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനം അറിയിക്കാനാവില്ല എന്നും ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷം മറുപടി അറിയിക്കാമെന്നുമായിരുന്നു പറഞ്ഞത് എന്ന് രസ്ഗോത്ര വെളിപ്പെടുത്തുന്നു. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ സുരക്ഷിത പാത ഒരുക്കുന്നതിന് അനുകൂലമായ മറുപടിയാണ് ലഭിച്ചത്. ഇക്കാര്യം സ്ട്രീബിനെ അറിയിക്കുകയും ചെയ്തു.

സുരക്ഷിത പാത വാഗ്ദാനം ചെയ്ത ശേഷം ആന്‍ഡേഴ്സനെ മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത് തെറ്റായ നടപടിയായി ആഭ്യന്തരമന്ത്രാലയത്തിനു തോന്നിക്കാണുമെന്നും അതിനാല്‍ മന്ത്രാലയം ഇടപെട്ട് യൂണിയന്‍ കാര്‍ബൈഡ് മുന്‍ സി‌ഇ‌ഒയെ ഉടന്‍ മോചിക്കുകയായിരുന്നിരിക്കണം എന്നുമാണ് രസ്ഗോത്രയുടെ വിലയിരുത്തല്‍.

എന്നാല്‍ അര്‍ജ്ജുന്‍ സിംഗ് സര്‍ക്കാര്‍ ആന്‍ഡേഴ്സനെ അറസ്റ്റ് ചെയ്തത് കേന്ദ്രം ആന്‍ഡേഴ്സന് സുരക്ഷിതപാത ഒരുക്കുന്നത് അറിയാഞ്ഞതു കാരണമാണോ എന്ന ചോദ്യത്തിന് ‘ അര്‍ജ്ജുന്‍ സിംഗാണോ പൊലീസാണോ ജില്ലാഭരണകൂടമാണോ അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചത് എന്ന് അറിയില്ല’, എന്നായിരുന്നു രസ്ഗോത്രയുടെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :