പൂട്ടിയിടപ്പെട്ട എം‌എല്‍‌എമാര്‍ വ്യാജ രാജ്നീതി കണ്ടു!

ജയ്‌പൂര്‍| WEBDUNIA| Last Modified ബുധന്‍, 16 ജൂണ്‍ 2010 (16:50 IST)
IFM
ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അണിയറക്കഥകളാണ് പ്രകാശ് ഝായുടെ പുതിയ ബോളിവുഡ് ചിത്രം ‘രാജ്‌നീതി’. സിനിമ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. എന്നാല്‍, രാജ്‌നീതിയുടെ വ്യാജ ഡി വി ഡി ഇറങ്ങിയത് സംവിധായകനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം, ‘വ്യാജ രാജ്നീതി’ ആഘോഷപൂര്‍വം കണ്ടത് ചില്ലറക്കാരല്ല, ബി ജെ പിയുടെ എം എല്‍ എമാര്‍!

നിയമപാലകര്‍ നിയമലംഘകരാകുകയാണ് ഈ നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രകാശ് ഝാ പറയുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടക്കാതെയിരിക്കാനായി ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടപ്പെട്ട എം എല്‍ എമാരാണ് ‘രാജ്നീതി’യുടെ വ്യാജ ഡി വി ഡി ആസ്വദിച്ചത്.

ജൂണ്‍ 17നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാം ജെത്‌മലാനിയാണ് രാജസ്ഥാനില്‍ നിന്ന് ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. എന്നാല്‍ മലാനിയെ ‘ഔട്ട്‌സൈഡര്‍’ ആയി വിലയിരുത്തുന്ന ചില ബിജെപി എം എല്‍ എമാര്‍ വോട്ടുമറിക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു. അതുകൊണ്ട് രാജസ്ഥാനില്‍ നിന്നുള്ള 79 എം എല്‍ എമാരെ ഒരു ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. 17ന് രാവിലെ ഇവരെ ഒന്നാകെ നേരെ രാജ്യസഭയില്‍ ഹാജരാക്കും.

എന്നാല്‍ പൂട്ടിയിടപ്പെട്ട എം എല്‍ എമാര്‍ക്ക് ബോറടിച്ചപ്പോഴാണ് അവര്‍ സിനിമ കാണാന്‍ തീരുമാനിച്ചത്. കണ്ടത്, തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച് മുന്നേറുന്ന രാജ്നീതിയുടെ വ്യാജ ഡി വി ഡി. “ഇത്തരത്തിലുള്ള നടപടികളില്‍ സിനിമാലോകം അസ്വസ്ഥമാണ്. ഈ സംഭവത്തിനെതിരെ ഞങ്ങള്‍ നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ്. സിനിമ കണ്ട എം എല്‍ എമാര്‍ക്കും ഹോട്ടല്‍ അധികൃതര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും” - രാജ്നീതിയുടെ സംവിധായകന്‍ പ്രകാശ് ഝാ പറഞ്ഞു.

എന്നാല്‍ ‘എങ്ങനെയാണ് വോട്ടു ചെയ്യേണ്ടത്’ എന്ന് എം എല്‍ എമാരെ ഹോട്ടലില്‍ പരിശീലിപ്പിക്കുകയാണെന്നാണ് ബി ജെ പി ജനറല്‍ സെക്രട്ടറി വസുന്ധരരാജെ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :