ബോളിവുഡ് സിനിമകളില്‍ നായികാ വേഷത്തില്‍ മിന്നിത്തിളങ്ങിയ നേപ്പാളി സുന്ദരി മനീഷ കൊയ്‌രാള (40) വിവാഹിതയാവുന്നു. ജൂണ്‍ 18 ന് കിഴക്കന്‍ കാഠ്മണ്ഡുവിലെ ഗോകര്‍ണ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം.
തന്നെക്കാള്‍ ഏഴ് വയസ്സ് പ്രായം കുറവുള്ള സമ്രാട്ട് ദഹാല്‍ എന്ന വ്യാപാരിയാണ് മനീഷയുടെ പ്രതിശ്രുത വരന്‍. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പരിചയപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നിശ്ചയിച്ചത്.
നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി ബിശേശ്വര്‍ പ്രസാദ് കൊയ്‌രാളയുടെ കൊച്ചുമകളും ജനാധിപത്യ നേതാവ് ഗിരിജാ പ്രസാദ് കൊയ്‌രാളയുടെ അനന്തരവളുമാണ് മനീഷ. ഗിരിജാ പ്രസാദ് മരിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മനീഷയുടെ വിവാഹം നടക്കുന്നത്.
2001 ല്‍ നേപ്പാളിലെ ഓസ്ട്രേലിയന്‍ അംബാസിഡര്‍ ക്രിസ്പിന്‍ കോണ്‍റോയുമായി മനീഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, ഈ ബന്ധം തെറ്റിപ്പിരിഞ്ഞു. മനീഷ അമേരിക്കന്‍ എഴുത്തുകാരന്‍ ക്രിസ്റ്റഫര്‍ ഡോറിസിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരുന്നു.