വിസ നിഷേധം: ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യന്‍ സൈനിക ഓഫീസര്‍മാര്‍ക്കും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിസ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു. കനേഡിയന്‍ ഹൈക്കമ്മീഷണര്‍ ജോസഫ് കരോണിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി എന്നാണ് സൂചന.

കാനഡ സര്‍ക്കാരിന്റെ വിസ നിഷേധ നടപടി തുടര്‍ന്നാല്‍ ഇന്ത്യയും അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് അറിയിച്ചതായാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ന്നും വിസ നിഷേധിച്ചാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള വിസ നല്‍കുന്നതിലും പ്രശ്നമുണ്ടാവുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിരമിച്ച ലഫ്.ജനറല്‍മാര്‍ക്കും സര്‍വീസിലുള്ള മൂന്ന് ബ്രിഗേഡിയര്‍മാര്‍ക്കും ഒരു രഹസ്യാന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ക്കും ഒരു മുന്‍ ഐബി ഓഫീസര്‍ക്കും കാനഡ വിസ നിഷേധിച്ചു. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ ആക്രമണ സ്വഭാവമുള്ളതാണെന്നായിരുന്നു വിസ നല്‍കാത്തതിന് വിശദീകരണം നല്‍കിയത്.

ഇപ്പോള്‍ സായുധ സേന ട്രീബ്യൂണല്‍ അംഗമായ ലഫ്. ജനറല്‍ എ എസ് ബഹിയയ്ക്ക് ഈ മാസമാണ് വിസ നിഷേധിച്ചത്. ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറലായി വിരമിച്ച ബഹിയ ജമ്മു കശ്മീരില്‍ സേവനമനുഷ്ഠിച്ചു എന്ന കാരണത്താലാണ് വിസ നല്‍കാതിരുന്നത്. ഇതേ കാരണത്താല്‍ 2008 ലും 2009 ലും രണ്ട് മുന്‍ ബ്രിഗേഡിയര്‍മാര്‍ക്കും കാനഡ വിസ നിഷേധിച്ചിരുന്നു.

മുന്‍ ഐബി ഓഫീസര്‍ എസ് എസ് സിദ്ധുവിനും ഈ വര്‍ഷം മാര്‍ച്ചില്‍ കാനഡ വിസ നല്‍കിയില്ല. സിദ്ധു ജോലി ചെയ്തിരുന്ന വകുപ്പ് ചാരവൃത്തി നടത്തിയതിനാലും കാനഡപൌരന്മാരുടെ സുരക്ഷ മുന്‍‌നിര്‍ത്തിയുമാണ് വിസ നിഷേധിക്കുന്നത് എന്നായിരുന്നു കാനഡ സര്‍ക്കാരിന്റെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :