ദുരന്തകാരണം പൈലറ്റിന്റെ പിഴവ്?

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 22 മെയ് 2010 (10:52 IST)
PRO
PRO
മംഗലാപുരം വിമാന ദുരന്തത്തിനു കാരണം പൈലറ്റിനു അവസാന നിമിഷം പറ്റിയ കൈപ്പിഴവാണെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ, അപകടത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ വൈകുന്നേരത്തോടെ പുറത്തുവിടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിക്കുന്നു.

നിര്‍ദ്ദിഷ്ട സ്ഥാനത്തു നിന്ന് മാറി റണ്‍‌വേയുടെ മധ്യഭാഗത്തായാണ് വിമാനം ലാന്‍ഡ് ചെയ്തത് എന്നും ഇതാണ് അപകടകാരണമായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സെര്‍ബിയന്‍ സ്വദേശിയായിരുന്നു വിമാനത്തിന്റെ പൈലറ്റ്.

ആറ് കിലോമീറ്ററോളം റണ്‍‌വെ കാഴ്ച ഉള്ള സമയത്താണ് വിമാനം നിലത്തിറങ്ങിയത്. അതിനാല്‍, കാലാവസ്ഥയെ പഴിക്കാനാവില്ല എന്നാണ് സൂചന. രണ്ട് വശത്തും താഴ്ചയുള്ള റണ്‍‌വേയില്‍ ഇറങ്ങിയ വിമാനം നിയന്ത്രിക്കുന്നതില്‍ പൈലറ്റിന് അവസാന നിമിഷം പറ്റിയ പിഴവായിരിക്കാം അല്ലെങ്കില്‍ സാങ്കേതിക തകരാറായിരിക്കാം ദുരന്തകാരണമായത് എന്ന് വ്യോമയാനമന്ത്രാലയം ഉദ്യോഗസ്ഥര്‍ കരുതുന്നു.

എന്നാല്‍, എയര്‍ ഇന്ത്യ പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ കാലവസ്ഥ പ്രതികൂലമായിരുന്നു എന്ന സൂചനയാണുള്ളത്. അപകടത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച എയര്‍ ഇന്ത്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ വിഭവങ്ങളുടെയും പരമാവധി ഉപയോഗം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലൈല കൊടുങ്കാറ്റു മൂലം മംഗലാപുരത്ത് കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ പെയ്യുകയായിരുന്നു. അപകടമുണ്ടായ റണ്‍‌വെ മറ്റ് റണ്‍‌വെകളെക്കാള്‍ താരതമ്യേന ചെറുതായത് അപകടത്തിനു കാരണമായോ എന്ന സംശയമുണ്ട്. 2006 ല്‍ കമ്മീഷന്‍ ചെയ്ത റണ്‍‌വെയിലാണ് അപകടം നടന്നത്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ച ശേഷം മാത്രമേ പൈലറ്റിന്റെ അവസാന സന്ദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇതിനായി മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് സൂചന. എന്നാല്‍, വിമാനം ഇറങ്ങുന്നതിനു മുമ്പായി അപായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :