മന്ത്രിവാ‍ഹനം പരിശോധിച്ചാല്‍ ഇങ്ങനെയിരിക്കും!

ന്യൂഡല്‍ഹി| WEBDUNIA|
മന്ത്രിയുടെ വാഹനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അനുഭവം മോശമാകുമെന്ന് രാജ്യ തലസ്ഥാനത്തെ മൌര്യ ഷെറാട്ടണ്‍ ഹോട്ടല്‍ അധികൃതര്‍ക്ക് നന്നായി മനസ്സിലായി! സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി മങ്കദ് രാം സിംഗാളിന്റെ വാഹനം പരിശോധിക്കാന്‍ ശ്രമിച്ച ഹോട്ടലിലേക്ക് ആരോഗ്യ വകുപ്പും ഭക്‍ഷ്യ വകുപ്പും അടക്കം നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ നിരവധി തവണ മിന്നല്‍ പരിശോധന നടത്തി.

എന്തായാലും, സംഭവത്തെ കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ഷീല ദീക്ഷിത് മന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു എന്നും ഹോട്ടലിന് നേര്‍ക്ക് വൈരാഗ്യബുദ്ധിയോടെയുള്ള നടപടികള്‍ കൈക്കൊള്ളരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതെന്ന് സൂചനയുണ്ട്.

ബുധനാഴ്ച വൈകിട്ട് പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് മന്ത്രി എത്തിയത്. മന്ത്രിയുടെ വാഹനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എത്തിയ അധികൃതരോട് മന്ത്രി തട്ടിക്കയറുകയും പരിശോധന നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഭവം കഴിഞ്ഞ ഉടന്‍ ആരോഗ്യ വകുപ്പ്, വൈദ്യുതി വകുപ്പ്, ഭക്‍ഷ്യ വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ മിന്നല്‍ പരിശോധനയും ആരംഭിച്ചു.

എന്നാല്‍, മന്ത്രി തനിക്കു മേലെയുള്ള ആരോപണം നിഷേധിച്ചു. താന്‍ ഒരു വകുപ്പിലെ ഉദ്യോഗസ്ഥരോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും ഇപ്പോള്‍ നടക്കുന്ന പരിശോധന സാധാരണഗതിയിലുള്ള നടപടിയുടെ ഭാഗമായിരിക്കാമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെയും ലഫ്.ഗവര്‍ണറുടെയും വാഹനങ്ങള്‍ മാത്രമാണ് ഇത്തരത്തിലുള്ള സുരക്ഷാ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :