ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെയുള്ള കേസ് അവസാനിപ്പിക്കാനുള്ള ശ്രമത്തിന് കോടതിയുടെ അംഗീകാരം. ടൈറ്റ്‌ലര്‍ക്ക് എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതിന് അനുമതി തേടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ന്യൂഡല്‍ഹി അഡീഷണല്‍ മെട്രോപോളിത്തന്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.

ടൈറ്റ്ലര്‍ക്കെതിരെ വിചാരണ നടത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ല എന്ന് റിപ്പോര്‍ട്ട് പരിഗണിച്ച മജിസ്ട്രേറ്റ് രാകേഷ് പണ്ഡിറ്റ് പറഞ്ഞു. കാലിഫോര്‍ണിയയിലുള്ള സാക്ഷി ജസ്ബീര്‍ സിംഗിന്റെ മൊഴിക്ക് കേസുമായി ബന്ധമില്ല എന്നും സുരീന്ദര്‍ സിംഗ് എന്ന സാക്ഷിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ ഇനിയുമൊരന്വേഷണത്തിന് കാരണമൊന്നും കാണുന്നില്ല എന്ന് ടൈറ്റ്ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കോടതി വിധിയില്‍ പറയുന്നു.

2007 ഡിസംബറില്‍ ടൈറ്റ്ലര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതിന് അനുമതി തേടി സിബിഐ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് പുരന്വേഷണം നടത്തിയത്. ബാദല്‍ സിംഗ് ഉള്‍പ്പെടെ മൂന്ന് സിഖ് വംശജരെ കൊല ചെയ്ത സംഘത്തിന് നേതൃത്വം നല്‍കി എന്നതാണ് ടൈറ്റ്‌ലര്‍ക്കെതിരെയുള്ള കേസ്.

1984 നവംബര്‍ ഒന്നിന് നടന്ന കൂട്ടക്കൊലപാതകം നടത്തിയ സംഘത്തിന് നേതൃത്വം നല്‍കിയത് ടൈറ്റ്‌ലര്‍ ആണെന്ന് കേസിലെ പ്രധാന സാക്ഷിയായ സുരീന്ദര്‍ സിംഗ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ടൈറ്റ്‌ലറെ ആ ദിവസം കണ്ടില്ല എന്ന് പിന്നീട് മൊഴിമാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :