ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു!

ചെന്നൈ| WEBDUNIA|
PRO
ഭര്‍ത്താവിനെ അമ്മിക്കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. സേലയൂരിനു സമീപം അഗരം ഗ്രാമത്തിലാണ് സംഭവം. പതിവു വീട്ടുവഴക്കിനൊടുവില്‍ 26കാരിയായ ശിവശങ്കരി എന്ന യുവതിയാണ് തന്‍റെ ഭര്‍ത്താവ് ഉദയശങ്കറി(31)നെ അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നത്.

അഞ്ചുതവണയാണ് ഭര്‍ത്താവിന് നേരെ ശിവശങ്കരി അമ്മിക്കല്‍ പ്രയോഗം നടത്തിയത്. ഉദയശങ്കറിന്‍റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് അവര്‍ പൊലീസിന് കീഴടങ്ങിയത്.

ഏഴുവര്‍ഷം മുമ്പ് വിവാഹിതരായ ഈ ദമ്പതികള്‍ക്ക് ആറും അഞ്ചും വയസുള്ള രണ്ട് ആണ്‍‌മക്കളുണ്ട്. ഉദയശങ്കര്‍ സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം പതിവായി ശിവശങ്കരിയെ മര്‍ദ്ദിക്കാറുണ്ട്.

സംഭവദിവസവും പതിവുപോലെ ഉദയശങ്കര്‍ മദ്യപിച്ച് വീട്ടിലെത്തി. ശിവശങ്കരിയെ അകാരണമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഒടുവില്‍ ഉദയശങ്കറിന്‍റെ മൂത്ത സഹോദരന്‍ ഇടപെട്ട് വഴക്കിന് ശമനമുണ്ടാക്കി. തുടര്‍ന്ന് പുറത്തുപോയ ഉദയശങ്കര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീണ്ടും മദ്യപിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തി. ശിവശങ്കരിയെ ആക്രമിക്കാനൊരുങ്ങുമ്പോള്‍ സഹികെട്ട് അവര്‍ അമ്മിക്കല്ലുകൊണ്ട് ഉദയശങ്കറിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.

അടിയേറ്റ് നിലത്തുവീണ ഉദയശങ്കറിന്‍റെ തലയില്‍ വീണ്ടും നാലു തവണ കൂടി ശിവശങ്കരി അമ്മിക്കല്ലുകൊണ്ട് അടിച്ചു. തല തകര്‍ന്ന് അപ്പോള്‍ തന്നെ ഉദയശങ്കര്‍ മരിക്കുകയും ചെയ്തു. സംഭവം കണ്ടു നിന്ന ഇവരുടെ മക്കളില്‍ ഒരാള്‍ പുറത്തേക്ക് ഓടിപ്പോയി നാട്ടുകാരെ വിവരം ധരിപ്പിച്ചു. വീട്ടിലേക്ക് പാഞ്ഞെത്തിയ നാട്ടുകാരെയും ശിവശങ്കരി ആക്രമിക്കാനൊരുങ്ങി. ഒടുവില്‍ പൊലീസെത്തിയപ്പോള്‍ ശിവശങ്കരി കീഴടങ്ങി.

ഉദയശങ്കറും ശിവശങ്കരിയും വഴക്കിട്ട് ഇടയ്ക്കിടെ പിരിഞ്ഞുതാമസിക്കുന്നതും പതിവായിരുന്നു. ഒരു പിണക്കം പറഞ്ഞുതീര്‍ത്ത് ഇരുവരും വീണ്ടും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത് ഏകദേശം ഒരുമാസം മുമ്പു മാത്രമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :