ദേശീയ ബാലികാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മുഴുവന്‍ പേജ് പത്ര പരസ്യത്തില്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കും മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവിനും ഒപ്പം പാകിസ്ഥാന്‍ വ്യോമസേനയുടെ മുന്‍ മേധാവി തന്‍വീര്‍ മഹ്മൂദ് അഹമ്മദിന്റെ ചിത്രവും സ്ഥാനംപിടിച്ചത് വിവാദമായി.
“നിങ്ങളുടെ അമ്മയെ പ്രസവിക്കാന്‍ അനുവദിച്ചില്ലായിരുന്നു എങ്കില്‍ നിങ്ങള്‍ എവിടെയാകുമായിരുന്നു?” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് പാകിസ്ഥാന്‍ വ്യോമസേനയുടെ മുന്‍ മേധാവിയുടെ ചിത്രവും പ്രസിദ്ധീകരിച്ചത്.
പരസ്യം വിവാദമായെങ്കിലും തെറ്റ് അംഗീകരിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൃഷ്ണ തിറാത്ത് തയ്യാഅറായില്ല. പരസ്യത്തിന്റെ സന്ദേശം മാത്രം മാധ്യമങ്ങള്‍ നോക്കിയാല്‍ മതിയെന്ന നിലപാടാണ് കൃഷ്ണ പ്രകടിപ്പിച്ചത്. അതേസമയം, നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു.
വനിതാ ശിശുക്ഷേമ വകുപ്പിനു വേണ്ടി അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി ഡയറക്ടറേറ്റാണ് (ഡിഎവിപി) പരസ്യം പ്രസിദ്ധീകരിക്കുന്നത്. പരസ്യം തയ്യാറാക്കിയപ്പോള്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പില്ലായിരുന്നു എന്നാണ് വകുപ്പ് മന്ത്രിയുടെ വിശദീകരണം.
പരസ്യം ഞെട്ടലുണ്ടാക്കിയെന്ന് വ്യോമസേനാ ഓഫീസര്‍മാരും പ്രതികരിച്ചു. വ്യോമസേനാ മേധാവിയുടെ ചിത്രം ഉള്‍പ്പെടുത്തണമായിരുന്നു എങ്കില്‍ അത് ഇന്ത്യന്‍ വ്യോമസേനാ മേധാവി പി വി നായിക്കിന്റേതാവാമായിരുന്നു എന്നും ഓഫീസര്‍മാര്‍ പറഞ്ഞു.