ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2008 ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഛായാഗ്രാഹകന്‍ വി കെ മൂര്‍ത്തിക്ക്. 10 ലക്ഷം രൂപയും സ്വര്‍ണ കമലവുമാണ് പുരസ്കാരം. ആദ്യമായാണ് ഒരു ചലച്ചിത്ര ഛായാഗ്രാഹകന്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് അര്‍ഹനാവുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സിനിമാ സ്കോപ് ചിത്രമായ ‘കാഗസ് കേ ഫൂലി‘ന്റെ ഛായാഗ്രാഹകനായിരുന്നു മൂര്‍ത്തി. ഒട്ടേറെ കന്നഡ-ഹിന്ദി ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. വിഖ്യാത സംവിധായകനും നടനുമായ ഗുരുദത്തിന്റെ സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
ദത്ത് മരിക്കുന്നത് വരെ മറ്റൊരാളുടെ സിനിമയ്ക്കും മൂര്‍ത്തി ക്യാമറ ചലിപ്പിച്ചില്ല. കാഗസ് കാ ഫൂലിന് പുറമേ ഗുരു ദത്ത് ചിത്രങ്ങളായ ജാല് (1952), ആര് പാര് (1954), പ്യാസ (1957), ചൌദ്വിന് കാ ചാന്ദ് (1960) സാഹിബ് ബിബി ഔര്‍ ഗുലാം(1962), തുടങ്ങിയ സിനിമകളിലെ ദൃശ്യഭംഗി എറെ ചര്ച്ചാവിഷയമായവയായിരുന്നു.
ദത്തിന്റെ മരണത്തിന് ശേഷം കമല്‍ അംറോഹി, പ്രമോദ് ചക്രവര്‍ത്തി, ശ്യാം ബനഗല്‍, ദോവിന്ദ് നിഹ്ലാനി തുടങ്ങിയവര്‍ക്കൊപ്പം മൂര്‍ത്തി പല സിനിമകള്‍ക്കും ഛായാഗ്രാഹണം നിര്‍വഹിച്ചു. വയലിന് വിദ്വാന് കൂടിയായ മൂര്‍ത്തി സ്വാതന്ത്യ സമര പോരാട്ടത്തിനിടെ ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്.