ഗോവ ബലാത്സംഗം: എം പിക്കെതിരെ വനിതാക്കമ്മീഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
ഗോവയില്‍ റഷ്യന്‍ യുവതിയെ രാഷ്ട്രീയ നേതാവ് ബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് എം പി ശാന്താറാം നായിക്ക് നടത്തിയ പ്രസ്താവന അപകീര്‍ത്തികരവും ഉത്തരവാദിത്വരഹിതവും ആണെന്ന് ദേശീയ വനിതാക്കമ്മീഷന്‍ കുറ്റപ്പെടുത്തി.

ബലാത്സംഗത്തെ ബലാത്സംഗമായിട്ടല്ലാതെ കാണാന്‍ സാധിക്കില്ല അതേപോലെ, ബലാത്സംഗത്തിന്റെ ഇരയെ അങ്ങനെയല്ലാതെയും കാണാന്‍ സാധിക്കില്ല എന്ന് എം പിയുടെ അഭിപ്രായ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വനിതാക്കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസ് പറഞ്ഞു.

ഒരു സ്ത്രീ രാത്രി വൈകിയും അപരിചിതര്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന അവസരത്തില്‍ ബലാത്സംഗം നടന്നാല്‍ അത്തരം കേസ് മറ്റൊരു രീതിയിലാണ് കാണേണത് എന്ന് ശാന്താറാം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞതാണ് വനിതാക്കമ്മീഷന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഇത് രാജ്യസഭയിലെ വനിതാ അംഗങ്ങളില്‍ നിന്നും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ ബലാത്സംഗ കേസിന് അമിത പ്രാധാന്യം നല്‍കുകയാണെന്നും ദിവസങ്ങളോളം അപരിചിതരുടെ കൂടെ അര്‍ദ്ധരാത്രിക്കു ശേഷവും സമയം ചെലവഴിക്കുന്ന ഒരു സ്ത്രീയുടെ ബലാത്സംഗ ആരോപണം മറ്റൊരു തലത്തില്‍ മാത്രമേ കാണാന്‍ സാധിക്കൂ എന്നും ശാന്താറാം പറഞ്ഞത് റഷ്യന്‍ കോണ്‍സുലേറ്റിന്റെയും അതൃപ്തിക്ക് കാരണമായി. കേസ് ശരിയായ ദിശയിലല്ല എന്ന് ചൂണ്ടിക്കാണിച്ച് റഷ്യന്‍ അധികൃതര്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് ബുധനാഴ്ച കത്തെഴുതിയിരുന്നു.

വൃന്ദ കാരാട്ട്, നജ്മ ഹെപ്ത്തുള്ള, മായ സിംഗ്, ജയാ ബച്ചന്‍ തുടങ്ങിയ എം പിമാരാണ് കാമത്തിന്റെ പ്രസ്താവനയെ രാജ്യസഭയില്‍ എതിര്‍ത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :