ചൈനയുടെ അവകാശവാദം അര്‍ത്ഥശൂന്യം: ദോര്‍ജി

ഇറ്റാനഗര്‍:| WEBDUNIA| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2009 (14:41 IST)
അരുണാചലിനു മേലുള്ള ചൈനയുടെ അവകാശവാദം അര്‍ത്ഥശൂന്യമാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു. ഞായറാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ആവര്‍ത്തിക്കുകയാണ്, ചൈനയുടെ അവകാശവാദങ്ങളെല്ലാം തികച്ചും അര്‍ത്ഥശൂന്യമാണ്. നവംബര്‍ 8 ന് സന്ദര്‍ശനം നടത്തുന്ന ദലൈലാമയെ സ്വാഗതം ചെയ്യാന്‍ സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു എന്നും ദോര്‍ജി ഖണ്ഡു പറഞ്ഞു. വ്യത്യസ്ത ഭാഷാഭേദങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഹിന്ദി പൊതുഭാഷയായി ഉപയോഗിക്കുന്ന ഏക വടക്കു കിഴക്കന്‍ സംസ്ഥാനമാണ് അരുണാചലെന്നും ദോര്‍ജി കൂട്ടിച്ചേര്‍ത്തു.

രണ്ടാമൂഴം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. സംസ്ഥാനത്തിന്റെ വികസനമായിരിക്കും പുതിയ സര്‍ക്കാരിന്റെ പ്രഥമ പരിഗണന. വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കി ജനങ്ങളില്‍ അതിന്റെ ഗുണഫലം പെട്ടെന്ന് എത്തിക്കാന്‍ ശ്രമിക്കുമെന്നും ദോര്‍ജി പറഞ്ഞു.

അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ഞായറാഴ്ച മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റു മന്ത്രിമാര്‍ അടുത്ത ദിവസങ്ങളില്‍ അധികാരമേല്‍ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :