ജസ്വന്തിന്റെ പുസ്തകത്തിന്റെ നിരോധനം നീക്കി

Jinnah
ന്യൂഡല്‍ഹി| WEBDUNIA|
PRO
ജസ്വന്ത്‌ സിംഗിന്റെ “ജിന്ന-ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം” എന്ന പുസ്‌തകത്തിനുമേല്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഗുജറാത്ത്‌ ഹൈക്കോടതി നീക്കി. ഫാലി സാം നരിമാനാണ് ജസ്വന്തിന് വേണ്ടി കേസ് വാദിച്ചത്. വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ ജസ്വന്ത്‌ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ജസ്വന്തിന്റെ വിവാദമായ “ജിന്ന-ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം” എന്ന പുസ്തകം പ്രകാശനം ചെയ്ത് രണ്ടാം ദിവസം തന്നെ ഗുജറാത്ത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെതിരെ ജസ്വന്ത് സിംഗും പുസ്തകത്തിന്റെ പ്രസാധകരായ ‘രൂപ ആന്‍ഡ് കമ്പനിയും’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

നിരോധന ഉത്തരവില്‍ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് പരാമര്‍ശമൊന്നുമില്ല. പുസ്തകം വായിക്കുന്നതിനു മുമ്പ് തന്നെ നിരോധനം ഏര്‍പ്പെടുത്തി എന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു

ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഗുജറാത്തില്‍ പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, ഗുജറാത്ത് സര്‍ക്കാരിന്റെ പുസ്തക നിരോധനം ചിന്തകള്‍ക്ക് ഉള്ള വിലക്ക് ആണെന്നും ഇതേ അവസ്ഥയാണ് സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിനു നേരിടേണ്ടി വന്നത് എന്നും ജസ്വന്ത് അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :