അടിവസ്ത്രം അയച്ചവര്‍ക്കെതിരെ നടപടി

മംഗലാപുരം| WEBDUNIA|
വാലന്‍റൈന്‍ ദിന ആഘോഷങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് പിങ്ക് ജട്ടി അയച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ശ്രീരാമസേനാ നേതാവ്‌ പ്രമോദ് മുത്താലിക്ക്. ‘പിങ്ക് ജട്ടി’ കാം‌പയിനില്‍ പങ്കെടുത്ത ആരെയും വെറുതെ വിടില്ലെന്നും എല്ലാവര്‍ക്കും എതിരെ നിയമനടപടി എടുക്കുമെന്നും മംഗലാപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ മുത്താലിക്ക് പറഞ്ഞു.

‘വൃത്തികെട്ട’ പരിപാടിയാണ് കാമ്പയിന്‍ സംഘടിപ്പിച്ചവര്‍ ചെയ്തതെന്നും ഇതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിനെ പറ്റി സ്ത്രീകള്‍ ഉള്‍‌പ്പെടെയുള്ള ഇരുപത്തഞ്ചംഗ അഡ്വക്കേറ്റ് സമിതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മുത്താലിക്ക് പറഞ്ഞു.

കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വാലന്‍റൈന്‍ ദിവസത്തില്‍ മുത്താലിക്കിന് പിങ്ക് ജട്ടി പാര്‍സലായി കൊറിയറില്‍ ലഭിച്ചിരുന്നു. മുത്താലിക്കിന്‍റെ ഹൂബ്ലി വിലാസത്തിലാണ് ജട്ടികള്‍ പ്രവഹിച്ചത്. ഏകദേശം ആയിരത്തിയഞ്ഞൂറോളം ജട്ടികള്‍ ലഭിച്ചതായി ശ്രീരാമസേന സ്ഥിരീകരിച്ചിരിക്കുന്നു.

ജനുവരി ഇരുപത്തിനാലിന് മാംഗളൂരിലെ പബില്‍ കയറി സ്ത്രീകളെ ആക്രമിച്ചതോടെയാണ് ശ്രീരാമസേനയും പ്രമോദ് മുത്താലിക്കും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കര്‍ണാടകത്തില്‍ ആരെങ്കിലും വാലന്‍റൈന്‍ ആഘോഷിച്ചാല്‍ അവരെ പിടിച്ച് വിവാഹം കഴിപ്പിക്കുമെന്നും മുത്താലിക്ക് ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബിജെപി കൈവിട്ടതോടെ വാലന്‍റൈന്‍ ദിവസത്തില്‍ ഈ തീവ്രഹിന്ദുവിന് അഴിയെണ്ണേണ്ടി വന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :