കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല എന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഹൈക്കമാന്‍ഡ് യുഗം അവസാനിക്കേണ്ടതാണെന്നും രാഹുല്‍ സൂചന നല്‍കി.
“ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എന്നാല്‍, ഒരുപാര്‍ട്ടിയിലും, അത് കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും, ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല”, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒറീസ സന്ദര്‍ശനം അവസാനിപ്പിച്ചു കൊണ്ട് നടത്തിയ മാധ്യമ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഏവരെയും ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയത്. ഇത് സോണിയ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന് സ്വയവിമര്‍ശനത്തിനും അവസരമൊരുക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ ഒരു അഴിച്ചുപണി അത്യാവശ്യമാണ്. ഇപ്പോഴത്തെ നിലയിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകലം കൂട്ടാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്നും രാഹുല്‍ ഗാന്ധി വിമര്‍ശന സ്വരത്തില്‍ പറയുകയുണ്ടായി.
രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കണം. ഇപ്പോള്‍ ഈ രണ്ടു കൂട്ടരും തമ്മില്‍ വളരെ വലിയ ഒരു വിടവ് നില നില്‍ക്കുന്നു. ഈ അകലം ഇല്ലാതാക്കാന്‍ കഴിവിന്‍റെ പരമാവധി ശ്രമിക്കുമെന്നും ഇതിനായി ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു.
ഹൈക്കമാന്‍ഡ് സംസ്കാരത്തിനെതിരായി, സാധാരണക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ പങ്കാളികളാവാന്‍ പറ്റാത്ത അവസ്ഥ മാറ്റാനായി ശ്രമിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുലിന്‍റെ നാലു ദിന ഒറീസ സന്ദര്‍ശനം തിങ്കളാഴ്ചയാണ് അവസാനിച്ചത്.