ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം ഇനി മലയാളത്തിന് സ്വന്തം

പാലക്കാട്| WEBDUNIA|
PRO
PRO
ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം ഇനി മലയാളത്തിന് സ്വന്തം. ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലാ അധികൃതരാണ് ഓണസമ്മാനമായി ഗുണ്ടര്‍ട്ട്‌ശേഖരം കേരളത്തിന് നല്‍കുന്നത്.

25 വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച് മലയാളം പഠിച്ച് മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിച്ച ഡോ ഹെര്‍മന്‍ഗുണ്ടര്‍ട്ട് 1859 ല്‍ ജര്‍മനിയിലേക്ക് മടങ്ങുമ്പോള്‍ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് രേഖകളുമൊക്കെ കൂടെ കൊണ്ടുപോയിരുന്നു. ഗുണ്ടര്‍ട്ടിന്റെ കാലശേഷം ഇവ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു ഇവ.

ഇക്കാലത്തിനിടെ മലയാളഗവേഷകനായ ഡോ സ്‌കറിയ സക്കറിയ മാത്രമാണ് ടൂബിങ്ങനിലെത്തി ഈ രേഖാശേഖരം പരിശോധിച്ചിട്ടുള്ളത്. ഇതില്‍നിന്ന് ലഭിച്ച പയ്യന്നൂര്‍ പാട്ട്, തച്ചോളിപ്പാട്ടുകള്‍, ജ്ഞാനപ്പാന, അഞ്ചടി, ഓണപ്പാട്ടുകള്‍, പഴശ്ശിരാജയുടെ കത്തുകളടങ്ങിയ പഴശ്ശിരേഖകള്‍, തലശ്ശേരി രേഖകള്‍ തുടങ്ങി ഏതാനും കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇവയ്ക്കുപുറമെ നൂറുകണക്കിന് പ്രാചീന മലയാള കൃതികളും താളിയോലകളും കൈയെഴുത്തുപ്രതികളും ഗുണ്ടര്‍ട്ടിന്റെ നോട്ടുപുസ്തകങ്ങളുള്‍പ്പെടെയുള്ള രേഖകളും ടൂബിങ്ങനിലുണ്ട്. മലയാളഭാഷയെയും സംസ്‌കാരത്തെയുംകുറിച്ചുള്ള പഠനങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ഈ രേഖാശേഖരം.

മലയാളം വിക്കി പ്രവര്‍ത്തകന്‍ ഷിജു അലക്‌സ് ടൂബിങ്ങന്‍ സര്‍വകലാശാലാ ലൈബ്രറിയിലെ ഗബ്രിയേല സെല്ലറുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് രേഖാശേഖരം പൊതുസമൂഹത്തിന് ലഭ്യമാക്കുന്നത്. ഗുണ്ടര്‍ട്ട് ലെഗസി എന്ന പേരില്‍ ടൂബിങ്ങന്‍ സര്‍വകലാശാല നടത്തുന്ന പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം കഴിഞ്ഞദിവസം കൊച്ചിയിലെ കേരള പ്രസ് അക്കാദമിയില്‍ നടന്നു. ടൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഇന്‍ഡോളജിസ്റ്റുമായ ഡോ.ഹൈക്കെ മോസര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

ചടങ്ങില്‍ ഡോ സ്‌കറിയ സക്കറിയ അധ്യക്ഷനായിരുന്നു. ഗുണ്ടര്‍ട്ട് ശേഖരത്തിന്റെ ഭാഷാപരവും ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഗുണ്ടര്‍ട്ട് ശേഖരത്തിലെ പഴഞ്ചൊല്‍മാല, ഒരായിരം പഴഞ്ചൊല്ലുകള്‍ എന്നിവയുടെ സ്‌കാനുകളടങ്ങിയ പെന്‍ഡ്രൈവ് ഡോ ഹൈക്കെ മോസറില്‍ നിന്ന് ഡോ സ്‌കറിയ സക്കറിയ ഏറ്റുവാങ്ങി. ഗുണ്ടര്‍ട്ട് ശേഖരം പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിന്റെ പ്രതീകമായി ഡോ സ്‌കറിയ സക്കറിയ ഈ സ്‌കാനുകള്‍ മലയാളം വിക്കി പ്രവര്‍ത്തകനായ കെ മനോജിന് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :