സര്‍ക്കാരിന്റേത് മികവില്ലാത്ത ഭരണമെന്ന് ലീഗ്

മലപ്പുറം:| WEBDUNIA| Last Modified ശനി, 29 ഡിസം‌ബര്‍ 2012 (06:55 IST)
PRO
PRO
തുടക്കത്തില്‍ മികവ്‌ പുലര്‍ത്തിയ യുഡിഎഫ്‌ ഭരണത്തിന്റെ നിലവാരം അനുദിനം താഴോട്ടെന്ന്‌ മുസ്ലിംലീഗ്‌. ലീഗ്‌ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്‌ എംഎല്‍എമാര്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരേ ഉദാഹരണസഹിതം വിമര്‍ശനശരം എയ്‌തത്‌. ഈ പോക്കു തുടര്‍ന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004ലെ അനുഭവം ഉണ്ടാകുമെന്ന്‌ എംഎല്‍എമാര്‍ പറഞ്ഞു.

2004 ലെ പരാജയത്തിനു ശേഷം ജനങ്ങള്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനത്തിലൂടെയാണു പാര്‍ട്ടി പിടിച്ചുകയറിയത്‌. എല്ലാ പദ്ധതികളിലും തീരുമാനമായെന്നു പറഞ്ഞശേഷം അനിശ്‌ചിതത്വത്തിലാവുകയാണ്‌. പ്രഖ്യാപിച്ച വികസനപദ്ധതികളില്‍ മുടന്തുന്നവയും തീരുമാനമാകാത്തവയും പേരെടുത്തുപറഞ്ഞായിരുന്നു വിമര്‍ശനം. ഇതില്‍ മലപ്പുറം ജില്ലയിലെ ചില പദ്ധതികളുമുണ്ടായിരുന്നു. ഈ പദ്ധതികള്‍ ലീഗ്‌ മന്ത്രിമാരുടെ വകുപ്പില്‍പെടുന്നതല്ല. പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണം.

മുസ്ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ഇ അഹമ്മദ്‌, സെക്രട്ടറി ഇടി മുഹമ്മദ്‌ ബഷീര്‍ എംപി, മന്ത്രിയും ട്രഷററുമായ പികെ കുഞ്ഞാലിക്കുട്ടി, സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എമാര്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ത്തിയത്‌.

ഓരോ മണ്ഡലത്തിലും നടക്കുന്ന പല പ്രവര്‍ത്തനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകര്‍തന്നെ അറിയുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. പാര്‍ട്ടി എംഎല്‍എമാരുടെ മണ്ഡല സമ്പര്‍ക്കം വിപുലമാക്കണം. ജനങ്ങള്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടു പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുമാകണം.

സര്‍ക്കാരിനെതിരായ വിമര്‍ശനം ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നുവെന്നും എല്ലാം തിരുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. യോഗത്തിന്റെ വികാരം യുഡിഎഫിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :