ബ്ലോഗെഴുതാന്‍ ഇനി അങ്കിളില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ബ്ലോഗ് കൂട്ടായ്മയില്‍ ഇനി അങ്കിളില്ല. ഗൌരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും ചിലപ്പോള്‍ നേരമ്പോക്കുകള്‍ പറയാനും അങ്കിളിന്റെ ബ്ലോഗുകളില്‍ കയറിയിറങ്ങുന്നവര്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ് ആ വേര്‍പാട്. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ബ്ലോഗെഴുതുന്ന എന്‍ പി ചന്ദ്രകുമാര്‍ ‍(67) ഹൃദ്രോഗസംബന്ധമായ അസുഖം മൂലം കഴിഞ്ഞ ഞായറാഴ്ചയാണ് ഓര്‍മ്മയായത്.

കം‌പ്യൂട്ടറില്‍ മലയാള അക്ഷരങ്ങള്‍ വെട്ടിത്തിളങ്ങുന്നത് സ്വപ്നം കണ്ടിരുന്ന ചന്ദ്രകുമാര്‍ 2007 മുതല്‍ ബ്ലോഗില്‍ സജീവ സാന്നിധ്യമാണ്.1986 -ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന കെ ജി നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിക്കുന്ന ദൌത്യം വിജയകരമായി നിറവേറ്റിയിരുന്നു. ‘ഉപഭോക്താവ്’, ‘സര്‍ക്കാര്‍ കാര്യം’എന്നീ രണ്ട് ബ്ലോഗുകളിലൂടെ അങ്കിളായി അദ്ദേഹം തുറന്നുവച്ച ലോകം ഡിജിറ്റല്‍ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്.

കഴിഞ്ഞ ഡിസംബര്‍ 26 നാണ് ചന്ദ്രകുമാര്‍ അവസാന ബ്ലോ‍ഗ് പോസ്റ്റ് ചെയ്തത്- 'രോഗം ഭേദപ്പെടുത്തുന്നത് എന്താണ്? മരുന്നോ? അതോ മനസ്സോ? എന്ന ഒറ്റ വരി. കമന്റുകളായി ഉത്തരങ്ങള്‍ വരുന്നത് കാത്തുനില്‍ക്കാതെ ഞായറാഴ്ച ചോദ്യങ്ങളില്ലാത്ത ലോകത്തേയ്ക്ക് അദ്ദേഹം യാത്രയായി.

തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്നു ചന്ദ്രകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡിന്റെ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും നിര്‍മ്മിക്കുന്നതിനും നേതൃത്വം നല്‍കി. സര്‍ക്കാര്‍ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി, അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ സിസ്റ്റം മാനേജര്‍ ആയി പ്രവര്‍ത്തിക്കവെയാണ് ചന്ദ്രകുമാര്‍ വിരമിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ബ്ലിക് ഓഡിറ്റേഴ്സില്‍ അംഗമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :