കണ്ണൂര്‍ ജയില്‍‌ചാട്ടം: റിയാസും പിടിയില്‍

കാസര്‍കോട്| WEBDUNIA|
PRO
കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ റിമാന്‍ഡ്‌ തടവുകാരന്‍ ബേക്കല്‍ സ്വദേശി റിയാസ്‌(28) പൊലീസ് പിടിയിലായി. കാസര്‍കോട്ടുനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

കാസര്‍കോട് അടുക്കത്ത് വയല്‍ എന്ന സ്ഥലത്തുനിന്നാണ് റിയാസിനെ പിടികൂടിയത്. ആ‍ള്‍ട്ടോ കാറില്‍ സഞ്ചരിക്കവേ ഇയാളെ പൊലീസ് പിന്തുടര്‍ന്നു. കാര്‍ നിര്‍ത്തി ഇറങ്ങി ഓടിയ റിയാസിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കുകയായിരുന്നു. ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. രൂപം മാറിയാണ് റിയാസ് സഞ്ചരിച്ചിരുന്നത്. അറസ്റ്റിനുശേഷം റിയാസിനെ കാസര്‍കോട് എസ് പി ഓഫീസില്‍ എത്തിച്ചു.

റിയാസിനൊപ്പം ജയില്‍ ചാടിയ മാള സ്വദേശി റിപ്പര്‍ ജയാനന്ദനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഊട്ടിയില്‍ നിന്നാണ് കണ്ണൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ജയാനന്ദനെ പിടികൂടിയത്.

ജയില്‍ ചാടിയ ശേഷം റിയാസും ജയാനന്ദനും കോയമ്പത്തൂര്‍ വരെ ഒരുമിച്ചു യാത്ര ചെയ്‌തിരുന്നു. പിന്നീട് രണ്ടു വഴിക്കു പിരിയുകയായിരുന്നു.

ജയാനന്ദന്‍ ഊട്ടിയിലേക്കു പോയപ്പോള്‍ കോയമ്പത്തൂരില്‍ നിന്ന് റിയാസ് കാസര്‍കോട്ടേക്കു വരികയായിരുന്നു. ജയാനന്ദനും റിയാസും തിങ്കളാഴ്ച പുലര്‍ച്ചെയയിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നു തടവു ചാടിയത്‌.

മുപ്പതിലധികം കവര്‍ച്ചക്കേസുകളിലെ പ്രതിയാണു റിയാസ്‌. ഏഴു കൊലക്കേസില്‍ പ്രതിയായ ജയാനന്ദന്‍ ജീവപര്യന്തം തടവുകാരനാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :