മദനിക്കു വേണ്ടി പിഡിപി മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (11:29 IST)
പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി പി ഡി പി നേതാക്കള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തി. കേസ് കേസിന്‍റെ വഴിക്ക് നടക്കട്ടെ എന്ന് പറഞ്ഞ മുഖ്യമന്ത്രി തങ്ങള്‍ നല്കിയ നിവേദനം പുര്‍ണമായി വായിച്ചു കേട്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്ന പി ഡി പി നേതാവ് പൂന്തുറ സിറാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച്‌ പ്രശ്നത്തില്‍ ഇടപെടണമെന്ന്‌ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. എല്ലാ വശവും പരിഗണിച്ച്‌ തീരുമാനം എടുക്കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ നീക്കം നടക്കുന്ന സാഹചര്യത്തിലാണ് പി ഡി പി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുമായും പി ഡി പി നേതാക്കള്‍ ഇന്നു കൂടിക്കാഴ്ച നടത്തും.

അതേസമയം, മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ അഞ്ചാം നമ്പര്‍ അതിവേഗ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ് കോടതിയാണ് അതിവേഗ കോടതിയിലേക്ക് മാറ്റിയത്. ഈ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എന്തു വിധി വരും എന്നതിനെ ആശ്രയിച്ചായിരിക്കും അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ നടപടികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :