‘കോള’പ്രസ്താവന: ബാലകൃഷ്ണനെതിരെ നടപടിയില്ല

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 16 ജൂണ്‍ 2010 (16:25 IST)
കൊക്കകോള അനുകൂല പ്രസ്താവന നടത്തി വിവാദത്തിലായ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന് എതിരെ നടപടിയില്ല. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ബാലകൃഷ്ണനെതിരെ നടപടി വേണ്ടെന്ന് തീരുമാനമായത്.

പ്ലാച്ചിമടയിലെ കോക്കകോള ഫാക്ടറി സംബന്ധിച്ചു ടി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം പരിശോധിച്ച ശേഷം ചീഫ്‌ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു തീരുമാനം. ബാലകൃഷണന് എതിരെ നടപടിയില്ലെങ്കിലും ബാലകൃഷ്ണന്‍റെ കോക്ക കോള അനുകൂല പ്രസംഗം അനുചിതമായി പോയെന്നു മന്ത്രിസഭാ യോഗം വിലയിരുത്തി.

പ്രസംഗം സര്‍ക്കാരിന്‍റെ പ്രതിഛായക്കു ചേര്‍ന്നതല്ലെന്നു നിരീക്ഷിച്ച മന്ത്രിസഭാ യോഗം ബാലകൃഷ്ണനെ അതൃപ്‌തി അറിയിച്ചു. പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിയെ രക്ഷിക്കാന്‍ കഴിയാതിരുന്നത് ദു:ഖകരമാണെന്നായിരുന്നു ബാലകൃഷ്ണന്‍റെ വിവാദമായ പ്രസ്താവന.

വ്യവസായമന്ത്രി എളമരം കരീമിന്‍റെ സാന്നിധ്യത്തിലായിരുന്നു വ്യവസായവകുപ്പ് സെക്രട്ടറിയുടെ പ്രസ്താവന. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കൊക്കകോള ഫാക്ടറി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഈ അഭിപ്രായപ്രകടനം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :