കോണ്‍ഗ്രസില്‍ അടി, തിരിച്ചടി!

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാന കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായി. നേതാക്കള്‍ പരസ്പരം പോരുവിളിച്ച് രംഗത്തെത്തി. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ പി സി ചാക്കോ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്. ഇതോടെ ചാക്കോയെ ഒറ്റപ്പെടുത്തി ആക്രമിച്ച് വയലാര്‍ രവി, കെ സി വേണുഗോപാല്‍, കെ സുധാകരന്‍ എന്നിവരും കളത്തില്‍ നിറഞ്ഞു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ തള്ളിക്കളയുന്നു എന്നാണ് ചാക്കോയുടെ മറുപടി. നടപടിയെടുക്കുന്നെങ്കില്‍ എടുക്കട്ടെ എന്ന് ചാക്കോ വെല്ലുവിളിക്കുകയും ചെയ്തു.

എ ഐ സി സിയുടെ നോമിനിയായതുകൊണ്ട് മാത്രമാണ് രമേശ് ചെന്നിത്തലയെ അംഗീകരിക്കുന്നതെന്നാണ് പി സി ചാക്കോ പറഞ്ഞത്. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ പി സി സി അധ്യക്ഷന് ഇപ്പോള്‍ അധികാരമില്ല. ചെന്നിത്തലയ്ക്ക് കെ പി സി സിയില്‍ ഒരു ഡസന്‍ നേതാക്കളുടെ പിന്തുണ പോലുമില്ല. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ചെന്നിത്തല പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് - ചാക്കോ ആഞ്ഞടിച്ചു.

എന്നാല്‍, മനോനില തെറ്റിയതുപോലെയാണ് പി സി ചാക്കോ പെരുമാറുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ചാക്കോയ്ക്ക് എന്തോ ഹിഡന്‍ അജന്‍ഡയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ചാക്കോയെ കോണ്‍ഗ്രസില്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ചാക്കോ അച്ചടക്കലംഘനം നടത്തിയിരിക്കുകയാണ് - സുധാകരന്‍ പറഞ്ഞു.

എന്നാല്‍, ഇതിന് മറുപടിയായി, താന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്‌ടെങ്കില്‍ നടപടിയെടുക്കാന്‍ പി സി ചാക്കോ വെല്ലുവിളിച്ചു. ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം തനിയ്ക്കെതിരെ ഉണ്‌ടാകുന്ന പ്രസ്താവനകള്‍ക്ക്‌ വില കല്‍പ്പിക്കുന്നില്ലെന്നും ചാക്കോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :