ഷാജഹാന് സി-ഡിറ്റിന്‍റെ വക ഷോകോസ്!

തിരുവനന്തപുരം| WEBDUNIA|
PRO
മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരെ വിവാദ അഭിമുഖത്തിന്റെ പേരില്‍ സി-ഡിറ്റ്‌ കാരണം കാണിക്കല്‍ നോട്ടീസ് നല്‍‌കി. സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച്‌ മാധ്യമങ്ങള്‍ക്ക്‌ അഭിമുഖം നല്‍കിയതിനെത്തുടര്‍ന്നാണ്‌ നടപടി.

ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള പൊലീസ് ഐജി ടോമിന്‍ തച്ചങ്കരിയുടെ നല്‍‌കിയ ഒരു കത്താണ് ഷാജഹാന് കുരുക്കായത് എന്നറിയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഷാജഹാന്‍ ഒരു വാരികയ്ക്കും ചാനലിനും നല്‍കിയ അഭിമുഖത്തിലൂടെ സര്‍വീസ്‌ ചട്ടലംഘനം നടത്തിയെന്നാണ് തച്ചങ്കരിയുടെ കത്തിലുള്ളത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഷാജഹാന്‍ സംസാരിച്ചുവെന്നാണ് ചീഫ്‌ സെക്രട്ടറിക്ക് നല്‍‌കിയ കത്തില്‍ തച്ചങ്കരി പരാതിപ്പെട്ടത്‌.

അച്യുതാനന്ദന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഷാജഹാനെ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ അതൃപ്തിക്ക് പാത്രമായതിനെ തുടര്‍ന്ന് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന്‌ മാറ്റിയിരുന്നു. തുടര്‍ന്ന് ഷാജഹാന്‍ മുഖ്യമന്ത്രിയുമായും കൊമ്പുകോര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രിയും ഷാജഹാനും തമ്മിലുള്ള ഒത്തുകളിയാണ് ഈ കൊമ്പുകോര്‍ക്കലെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡിസൈന്‍ ആന്റ്‌ ഇമേജ്‌ ടെക്നോളജിയില്‍ (സി ഡിറ്റ്‌) വെബ്സര്‍വീസ്‌ ടീം ലീഡറാണ്‌ ഇപ്പോള്‍ ഷാജഹാന്‍.

അധികാരത്തില്‍ തുടരുന്നതിന് വേണ്ടി കടുത്ത നിലപാടുകള്‍ വി‌എസ് അയയ്ക്കുന്നുവെന്നാണ് ചില മാസികകള്‍ക്കും ചാനലുകള്‍ക്കും ഷാജഹാന്‍ നല്‍കിയ അഭിമുഖത്തിലെ പ്രധാന വിമര്‍ശനം. എന്നാല്‍ മുഖ്യമന്ത്രിയെ കരിവാരിത്തേക്കുന്ന തരത്തില്‍ ഒരക്ഷരം പോലും ഷാജഹാന്‍ പറയുകയുമുണ്ടായില്ല. സി‌പി‌എമ്മിന്റെ ലിബറല്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാല്‍ പുറത്തുപോകേണ്ടി വന്ന യാഥാസ്ഥിതിക മാര്‍ക്സിസ്റ്റുകാരെ വി‌എസ് പാളയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഷാജഹാന്‍ എന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ട്.

സി-ഡിറ്റ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാന്‍ ഷാജഹാന്‍ ശ്രമം നടത്തിയെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ ഷാജഹാനോട്‌ അദ്ദേഹത്തെ കാണാനാവില്ലെന്ന്‌ പേഴ്സണല്‍ സ്റ്റാഫ്‌ അറിയിക്കുകയായിരുന്നത്രേ. അതേസമയം ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അതിനും താല്‍പ്പര്യമെടുത്തില്ല. പകരം അദ്ദേഹത്തിന്‌ തിരക്കുണ്ടെന്ന്‌ പേഴ്സണല്‍ സ്റ്റാഫ്‌ അറിയിക്കുകയായിരുന്നുവത്രേ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :