തിലകനും വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ചപ്പോള്‍!

Thilakan
WEBDUNIA|
PRO
PRO
നടന്‍ തിലകനും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ച് കുശലാന്വേഷണങ്ങള്‍ പറഞ്ഞു. പത്തനംതിട്ട എസ്‌.എന്‍.ഡി.പി. യൂണിയന്‍ നേതൃത്വത്തില്‍ പൂങ്കാവ്‌ രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്‍ തിലകനെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ഈ അപൂര്‍വ കൂടിക്കാഴ്ച ഉണ്ടായത്.

ആദരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച തിലകന്‍ സിനിമാസംഘടനയായ അമ്മയെയും സാംസ്കാരിക മന്ത്രി എം‌എ ബേബിയെയും നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. സിനിമാനടന്‍ ശ്രീനാഥ്‌ ആത്മഹത്യ ചെയ്‌തതല്ലെന്നും തിലകന്‍ പറഞ്ഞു. ശ്രീനാഥിന്റേത് ആസൂത്രിത കൊലപാതകമാണെന്നും തന്നെയും അതുപോലെ ചിലര്‍ തന്നെ കൊല്ലാനായി നടക്കുന്നുണ്ടെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.

“തെറ്റു ചെയ്യാത്ത ഞാന്‍ എങ്ങനെ മാപ്പുപറയും! അമ്മയോടും ഫെഫ്‌കയോടും മാപ്പുപറയണമെന്നാണ്‌ അവര്‍ പറയുന്നത്‌. 1956 ല്‍ നടനെന്ന നിലയില്‍ തുടക്കം കുറിച്ച ഞാന്‍ 54 വര്‍ഷമായി ഈ രംഗത്തു തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനും തന്നെ സിനിമാ ഫീല്‍ഡില്‍ നിന്നും ഒഴിവാക്കാനും ഒരു സൂപ്പര്‍താരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു.”

“കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ പിച്ചവെച്ച എന്നെ അതിന്റെ സാംസ്‌കാരിക മന്ത്രി തഴഞ്ഞു. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. എന്നാല്‍ എനിക്കൊരു ദുര്യോഗം ഉണ്ടായപ്പോള്‍ ഒരാളും എന്നെ സഹായിച്ചില്ല. എല്ലാവരും പണമുള്ളവരുടെ പിറകെ പോയി. കലാകാരന്മാരുടെ തൊഴില്‍ നിഷേധിക്കുന്നത്‌ തീവ്രവാദപരമാണ്‌. സത്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാലം തനിക്കു സമയം അനുവദിക്കും” - തിലകന്‍ പറഞ്ഞു.

പത്തനംതിട്ട എസ്‌.എന്‍.ഡി.പി. യൂണിയന് വേണ്ടി വെള്ളാപ്പള്ളി തന്നെയാണ് തിലകനെ വേദിയില്‍ വെച്ച് ആദരിച്ചത്.

“എല്ലാ കലാകാരന്മാരുടെയും വളര്‍ച്ചയ്ക്കു പിന്നില്‍ സമുദായങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണയുണ്ട്. ഇത്തരം ഒരു പിന്തുണ ലഭിച്ചതുകൊണ്ടാണ്‌ പ്രതിസന്ധി ഘട്ടത്തിലും തിലകന്‌ പിടിച്ചുനില്‍ക്കാനായത്‌. മലയാള സിനിമയില്‍ പ്രതിസന്ധികളെ തന്റേടമായി നേരിടുന്ന ഒറ്റയാള്‍ പട്ടാളമാണ്‌ തിലകന്‍. ആദര്‍ശത്തെ മുറുകെ പിടിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്നതുകൊണ്ടാണ്‌ തിലകനെ നമ്മുടെ സമൂഹം അംഗീകരിക്കുന്നത്” - വെള്ളാപ്പള്ളി പറഞ്ഞു.

യോഗം ദേവസ്വം സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ആന്റോ ആന്റണി എം.പി, യൂണിയന്‍ ചെയര്‍മാന്‍ കെ. പത്മകുമാര്‍, കണ്‍വീനര്‍ സി.എന്‍. വിക്രമന്‍, റോബിന്‍ പീറ്റര്‍, സരസമ്മ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :