കിനാലൂരില്‍ നാലുവരിപ്പാത വേണ്ടെന്ന് വികെസി ഗ്രൂപ്പ്

കോഴിക്കോട്| ഗായത്രി ശര്‍മ്മ|
PRO
വ്യവസായ ആവശ്യത്തിനായി നാലുവരിപ്പാത വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കിനാലൂരില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഫുട് വെയര്‍ പാര്‍ക്കിലെ പ്രധാന സംരംഭകരിലൊരാളായ വി കെ സി ഗ്രൂപ്പ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ വി കെ സി ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ സി മമ്മദ് കോയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കിനാലൂരിലെ ഫുട് വെയര്‍ പാര്‍ക്കിന് നാലുവരിപ്പാതയുടെ ആവശ്യമില്ല. ഫുട് വെയര്‍ പാര്‍ക്കില്‍ പങ്കാളികളായ 38 കമ്പനികളില്‍ ഒരു കമ്പനി പോലും ഈ ആവശ്യം മുന്നോട്ടു വെച്ചിട്ടില്ല. നിലവിലെ റോഡ് വെച്ച് തന്നെ ഫുട് വെയര്‍ പാര്‍ക്ക് തുടങ്ങാവുന്നതാണ്. പദ്ധതിക്ക് അവിടെ തന്നെ സ്ഥലം വേണമെന്നില്ല. ഇവിടെ സ്ഥലം ലഭിച്ചില്ലെങ്കില്‍ വേറെ എവിടെയെങ്കിലും കമ്പനി തുടങ്ങാവുന്നതാണ്.

കഴിഞ്ഞമാസം 22നായിരുന്നു ഫുട് വെയര്‍ പാര്‍ക്കിന് വ്യവസായമന്ത്രി എളമരം കരീം കിനാലൂരില്‍ തറക്കല്ലിട്ടത്. ഫുട് വെയര്‍ പാര്‍ക്ക് ആരംഭിക്കാന്‍ 38 കമ്പനികള്‍ക്കായിരുന്നു അനുമതി നല്കിയത്. എന്നാല്‍ ഈ കമ്പനികളൊന്നും നാലുവരിപ്പാത ആവശ്യമാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകളിലൂടെ പുറത്തുവരുന്നത്.

ഫുട് വെയര്‍ പാര്‍ക്കിനു വേണ്ടിയാണ് നാലുവരിപ്പാത വരുന്നതെന്നായിരുന്നു വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. ഇതോടെ കിനാലൂരിലെ നാലുവരിപ്പാത ഭൂമാഫിയയെ സഹായിക്കാനാണെന്ന ആരോപണങ്ങള്‍ക്ക് ശക്തിയേറുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :