അടുക്കളയില്‍ യുവാവിന്റെ ജഡം; വീട്ടമ്മ അറസ്റ്റില്‍

Murder
കായം‌കുളം| WEBDUNIA|
PRO
PRO
അടുക്കളയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹസംഭവത്തിന്റെ കുരുക്കഴിഞ്ഞു, അറസ്റ്റിലുമായി. വിഷം ഉള്ളില്‍ ചെന്നു യുവാവു മരിച്ചത്‌ ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞതിനാലാണ് കൃഷ്ണപുരം ഞക്കനാല്‍ രാജ്നിവാസില്‍ ഗ്രഫ്‌ ജീവനക്കാരന്‍ സി.എസ്‌. രാജന്റെ ഭാര്യ (38) അറസ്റ്റിലായത്. കൊല്ലപ്പെട്ട ചവറ നീണ്ടകര വേട്ടുതറ ചാലില്‍ വീട്ടില്‍ സനലിന് (35) മിഷിയയുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

ഒരേനാട്ടുകാരായ മിഷിയയും സനലും കഴിഞ്ഞ പതിനാല് വര്‍ഷത്തിലേറെയായി അടുപ്പത്തിലാണ്‌. എന്നാല്‍ മിഷിയയെ കൂടാതെ മറ്റ് പല സ്ത്രീകളെയും സനല്‍ വലയിലാക്കി. ഇത് മിഷിയയെ വേദനിപ്പിച്ചിരുന്നു. തുടര്‍ന്ന് സനലുമായി ബന്ധം അവസാനിപ്പിക്കാന്‍ മിഷിയ തീരുമാനിച്ചു.

ഒരു മാസം മുമ്പ്‌ സനലിനെ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഓച്ചിറയില്‍ വച്ച് അറസ്‌റ്റ് ചെയ്യുകയുണ്ടായി. വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മിഷിയ പൊലീസുകാരുടെ മുമ്പില്‍ വച്ച് സനലുമായി വഴക്കിട്ടു. തുടര്‍ന്ന്‌ ഗോവയിലേക്കു പോയെങ്കിലും സനല്‍ നിരന്തരം മിഷ്യയ്‌ക്കു ഫോണ്‍ ചെയ്തുകൊണ്ടിരുന്നു. ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സനിലിന് വകവരുത്താനുള്ള പദ്ധതി രൂപം‌കൊണ്ടു.

തിങ്കളാഴ്‌ച രാവിലെ മിഷ്യയെ ഫോണില്‍ വിളിച്ച സനല്‍ 25,000 രൂപ ആവശ്യപ്പെട്ടു. അന്നുച്ചയോടെ ദന്തഡോക്‌ടറെ കാണാന്‍ മക്കളായ നിധിന്‍, ശബരി എന്നിവരോടൊപ്പം ബൈക്കില്‍ ഓച്ചിറയ്‌ക്കു പോയ മിഷിയ മടങ്ങിവരുന്നതിനിടയില്‍ ഒരു കുപ്പി മിരിന്‍ഡ വാങ്ങി. ഒന്നരയോടെ വീട്ടില്‍ മടങ്ങിയെത്തി.

മൂന്നുമണിയോടെ സനലിനെ അനുനയിപ്പിച്ച് വിഷംകലര്‍ന്ന പാനീയം നല്‍കി. ഇത് കുടിച്ച സനല്‍ അടുക്കളയില്‍ വീണു. ശീതള പാനീയക്കുപ്പിയും ഗ്ലാസും കഴുകിയ വിഷക്കുപ്പിയും മറ്റും തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് മറ്റൊരു സുഹൃത്തായ നീണ്ടകര സ്വദേശി സുമേഷിനെ വിളിച്ചുവരുത്തി.

മൃതദേഹം മാറ്റാന്‍ സഹായിക്കണമെന്ന് മിഷിയ ആവശ്യപ്പെട്ടെങ്കിലും സുമേഷ്‌ വഴങ്ങിയില്ല. സഹായിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മിഷിയയുറ്റെ ഭീഷണി. രാത്രി എട്ടുമണിയോടെ മിഷിയയെ കൂട്ടി സുമേഷ് കരുനാഗപ്പള്ളിക്കു പോയി. മിഷിയയെ കൃഷ്‌ണപുരത്ത്‌ എത്തിച്ചതിന് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് സുമേഷ് അവിടെനിന്ന് മുങ്ങി

നീണ്ടകരയിലെത്തിയ സുമേഷ്‌ സുഹൃത്തുക്കളുമായി കൂടിയാലോചിച്ചശേഷം ഓച്ചിറ പോലീസില്‍ രഹസ്യമായി വിവരം അറിയിച്ചു. ഓച്ചിറ പോലീസ്‌ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ കായംകുളം പോലീസ്‌ മിഷ്യയെ കസ്‌റ്റഡിയിലെടുത്തത്‌. സനലിനു മറ്റു സ്‌ത്രീകളുമായുള്ള ബന്ധവും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ്‌ പറയുന്നത്. മിഷിയയുടെ ഭര്‍ത്താവ്‌ ഗ്രഫ്‌ ജീവനക്കാരനായ സി.എസ്‌. രാജന്‍ കശ്മീരിലെ കാര്‍ഗിലിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :