മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്: പിണറായി

നാദാപുരം| WEBDUNIA|
PRO
പി ജെ ജോസഫ് ഇടതുമുന്നണി വിടുന്നതിന് പിന്നില്‍ ഏതെങ്കിലും മതവിഭാഗമാണെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മതങ്ങള്‍ മതകാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കണം. അല്ലാതെ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മതനിരപേക്ഷതയ്ക്ക് ചേര്‍ന്നതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

പി ജെ ജോസഫിനെ മന്ത്രിസഭയില്‍ തുടരാന്‍ ഒരു നിമിഷം പോലും അനുവദിക്കരുത്. ജോസഫിന്‍റെ തീരുമാനം രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല. കടുത്ത അധാര്‍മ്മികതയാണത്. ജോസഫ് വിഭാഗം ഇടതുമുന്നണി വിടുന്നതിന് രാഷ്ട്രീയമായോ നയപരമായോ എന്തെങ്കിലും കാരണങ്ങള്‍ കാണാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായാണ് മുന്നണി വിടുന്നതെന്നാണ് ജോസഫ് പറയുന്നത്. അതൊക്കെ എന്തെങ്കിലും ഒരു കാരണത്തിനു വേണ്ടി പറയുന്നതാണ്.

സ്വാശ്രയ പ്രശ്നങ്ങളിലും മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇടതുമുന്നണി എടുത്ത എല്ലാ നിലപാടുകളോടും യോജിച്ചു നില്‍ക്കുന്ന നടപടിയാണ് ജോസഫ് വിഭാഗത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അതുതന്നെയായിരുന്നു അവരുടെ രീതിയും. ജോസഫിനെ ഈ മൂന്നു ദശാബ്ദക്കാലവും യു ഡി എഫ് എതിര്‍ത്തുപോരുകയായിരുന്നു. എന്നാല്‍ അതൊക്കെ ഇപ്പോള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് യു ഡി എഫിന്‍റെ വിധി - പിണറായി വിജയന്‍ പരിഹസിച്ചു.

പി ജെ ജോസഫ് മുന്നണി വിടാന്‍ ചില ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയതായി അറിയാന്‍ കഴിയുന്നു. കത്തോലിക്കാ സമുദായത്തിലെ ചില ബിഷപ്പുമാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് വിവരം. കോണ്‍ഗ്രസ് രാഷ്ട്രീയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചില ബിഷപ്പുമാരാണ് ഇതിനു പിന്നിലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം നിലപാടുകള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പി സി തോമസ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണ്. പി സി തോമസിനൊപ്പം ഏതാനും പേര്‍ മാത്രമല്ലെന്നും ആ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും ഉണ്ടാകുമെന്നുമാണ് കരുതുന്നതെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :