ആശുപത്രിക്കിടക്കയില്‍ കെട്ടിയിട്ട കാന്‍സര്‍ രോഗി മരിച്ചു

കാസര്‍കോട്| WEBDUNIA|
PRO
കാന്‍സര്‍ രോഗിയെ ആശുപത്രിക്കിടക്കയില്‍ കെട്ടിയിട്ടു. കാലും അരക്കെട്ടും ബന്ധിക്കപ്പെട്ട് അനങ്ങാനാകാതെ കിടന്ന രോഗി മരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കുമ്പള സ്വദേശിയായ 65കാരനാണ് ഈ ദുര്യോഗം. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി തിങ്കളാഴ്ചയാണ് മരിച്ചത്.

മരുന്നു കൊടുക്കാനായാണ് രോഗിയെ ആശുപത്രിക്കിടക്കയില്‍ ബന്ധിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വായില്‍ കാന്‍സര്‍ ബാധിച്ച രോഗി മരുന്ന് കഴിക്കുന്നുണ്ടായിരുന്നില്ലത്രേ. മരുന്നു കൊടുക്കാനെത്തിയവരെ ആക്രമിക്കുകയും ചെയ്തു. ബോധം കെടുത്തിയ ശേഷം മരുന്നു നല്‍കാനുള്ള ആരോഗ്യവും രോഗിക്ക് ഇല്ലായിരുന്നു. ഈ സാ‍ഹചര്യത്തിലാണ് രോഗിയെ കിടക്കയോടു ചേര്‍ത്ത് ബന്ധിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

അരക്കെട്ടും കാലും ചേര്‍ത്ത് കിടക്കയില്‍ ബന്ധിച്ചിരുന്നതിനാല്‍ രോഗിക്ക് അനങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ഇയാള്‍ക്ക് വെള്ളവും ആഹാരവും നല്‍കാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വാര്‍ഡില്‍ കിടന്നിരുന്ന മറ്റു രോഗികളാണ് ഇയാള്‍ക്ക് ഭക്ഷണം നല്‍കിയത്.

ആരോഗ്യം ക്ഷയിച്ച കാന്‍സര്‍ രോഗിയെ മനുഷ്യത്വരഹിതമായ നിലയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതാണ് രോഗിയുടെ മരണകാരണമെന്നാണ് നിഗമനം. മരിച്ച രോഗിയുടെ പേരോ മറ്റുവിവരങ്ങളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :