പിണറാ‍യിയെ കളിയാക്കി ചെമ്മനത്തിന്‍റെ കവിത

തൃശൂര്‍| WEBDUNIA|
PRO
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സാഹിത്യ സംഗമത്തോടനുബന്ധിച്ച്‌ നടത്തിയ കവിസമ്മേളനത്തില്‍ സി പി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ വിമര്‍ശിച്ച്‌ ചെമ്മനം ചാക്കോയുടെ കവിത. ഊര്‍ജമന്ത്രിയെന്ന നിലയില്‍ പിണറായി നടത്തിയ വിദേശ പര്യടനവും വിവാദമായ ലാവ്‌ലിന്‍ കരാറും ഉള്‍പ്പെടെ പിണറായി മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിച്ച്‌ 'മാധ്യമസൃഷ്‌ടി' എന്ന കവിതയാണ്‌ സമ്മേളനത്തിന്‍റെ അധ്യക്ഷന്‍ കൂടിയായ ചെമ്മനം സി പി എം അനുഭാവികള്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത്.

കവിതയില്‍ പറയുന്നത്‌ ആരെയെങ്കിലുമാണെന്ന്‌ ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്റെ കുറ്റമല്ലെന്ന്‌ മുന്‍കൂര്‍ ജാമ്യവുമെടുത്തതിനു ശേഷമായിരുന്നു ചെമ്മനത്തിന്‍റെ കവിതാ പാരായണം. കേട്ട് പലരും ഊറിചിരിച്ചു. ഭാര്യയുടെ അവസാന പ്രസവത്തില്‍ മൂന്നു കുട്ടികളുണ്ടായപ്പോള്‍ 'ഒരു കുട്ടി മന്ത്രി തന്‍ സ്വന്തം; ബാക്കി മാധ്യമ സൃഷ്‌ടിയും' എന്നു പറഞ്ഞ്‌ അവസാനിപ്പിച്ചപ്പോള്‍ കൈയടിയുമുയര്‍ന്നു. ഉദ്‌ഘാടകനായ ഒ എന്‍ വിയെ സ്‌റ്റേജിലിരുത്തിയായിരുന്നു ചെമ്മനം വിവാദ ചൊല്ലിയത്‍.

സി പി എം സഹയാത്രികരായ രാവുണ്ണി, എന്‍ പി ചന്ദ്രശേഖരന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. എഴുത്തച്‌ഛന്‍ പുരസ്‌കാരം വാങ്ങാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് ചെമ്മനം തുടങ്ങിയത്. എന്നാല്‍ ഭരണകക്ഷിയുടെ സഹായമുണ്ടായാലേ അവാര്‍ഡ്‌ കിട്ടൂ. ഇടതു സര്‍ക്കാര്‍ വന്നിട്ടും ഒരു മാറ്റവുമില്ലെന്നും കച്ചവടം തുടരുകയാണെന്നും ചെമ്മനം പറഞ്ഞു.

സി പി എം. അനുഭാവികളായ കവികള്‍ ചെമ്മനത്തിന് മറുപടിക്കവിത ചൊല്ലുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മുമ്പൊരിക്കല്‍ ചെമ്മനത്തിന് കവിതാപാരായണത്തെ തുടര്‍ന്ന്‌ അടികിട്ടാനുള്ള സാഹചര്യം വന്നപ്പോള്‍ താനടക്കം രക്ഷാപ്രവര്‍ത്തനവുമായി ഇറങ്ങിയത്‌ കവി ഇന്ദ്രബാബു അനുസ്‌മരിച്ചു. അതൊന്നും പ്രശ്‌നമല്ലെന്ന്‌ ചെമ്മനം ചാക്കോ ഉടനെ പ്രതികരിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :