പിണറായിയുടെ വ്യാജവീട്: മെയില്‍ തയ്യാറാക്കിയ ആള്‍ പിടിയില്‍

ചെന്നൈ| WEBDUNIA|
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ വീടെന്ന് കാണിച്ച് കൊട്ടാരസദൃശ്യമായ വീട് ഇ-മെയില്‍ വഴി പ്രചരിപ്പിച്ച കേസില്‍ ഷാന്‍ ഷംസുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. ഖത്തറിലേക്ക് കടക്കാന്‍ ശ്രമിക്കവേ ചെന്നൈയില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഷാന്‍ ഷംസുദ്ദീന്‍. പിണറായിയുടെ വീടെന്ന് കാണിച്ച് ആഡംബരവീട് മെയില്‍ വഴി പ്രചരിപ്പിച്ചത് ഇയാളാ‍യിരുന്നു.

നേരത്തെ കഴിഞ്ഞവര്‍ഷം നവംബറില്‍ പിണറയിയുടെ വീടെന്ന പേരില്‍ പ്രചരിച്ച മെയിലിന് അടിക്കുറിപ്പ് തയ്യാറാക്കിയവര്‍ അറസ്റ്റിലായിരുന്നു. കായംകുളം ഭരണിക്കാവ് കുന്നില്‍വീട്ടില്‍ കെ ആര്‍ മനോജ് (39), കോട്ടയം ഏറ്റുമാനൂര്‍ ഈസ്റ്റ് ഗേറ്റില്‍ വലിയടത്ത് ഇല്ലത്ത് കാര്‍ത്തിക് (22) എന്നിവരെയായിരുന്നു സൈബര്‍ ക്രൈം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നത്.

വിവാദ ഇ-മെയിലിന് മലയാളത്തിലുള്ള അടിക്കുറുപ്പുകള്‍ നല്‍കി ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിട്ടു എന്നുള്ളതായിരുന്നു ഇവരുടെ മേലുള്ള കുറ്റം. സൗദി അറേബ്യയില്‍ ബിസിനസുകാരനായ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ അമ്പലമുക്കില്‍ വെള്ളിയാട്ടില്‍ വീട്ടില്‍ പ്രമോഷിന്‍റെ വീടായിരുന്നു പിണറായി വിജയന്‍േറതെന്ന പേരില്‍ ഇ-മെയിലുകളിലൂടെ പ്രചരിച്ചത്.

പിണറായി വിജയന്റെ വീട് എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വിശേഷണവുമായി ലഭിച്ച ഇ-മെയിലില്‍ മാറ്റം വരുത്തി ഇരുവരും മലയാളത്തിലുള്ള അടിക്കുറിപ്പുകള്‍ ചേര്‍ക്കുകയായിരുന്നു. 'പിണറായിയില്‍ പണിത വിജയന്റെ കൊട്ടാരമെന്ന' വിശേഷണം ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കായിരുന്നു. 'തൊഴിലാളി നേതാവിന്‍റെ ആഡംബരവസതിയെന്ന' വിശേഷണമായിരുന്നു വിദേശമലയാളിയായ മനോജ് നല്‍കിയത്.

ഭേദഗതി ചെയ്ത ഐ ടി ആക്ട് പ്രകാരം സംസ്ഥാനത്ത് കേസെടുത്ത ആദ്യസംഭവമായിരുന്നു ഇത്. കഇ-മെയിലിനെക്കുറിച്ച് പിണറായി വിജയന്‍ ഡി ജി പി ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം ആരംഭിച്ചത്.

(വാര്‍ത്താചിത്രം: പിണറായി വിജയന്‍റെ വീടെന്ന് കാണിച്ച് പ്രചരിച്ച വ്യാജ മെയിലിലെ വീട്. തൃശൂര്‍ സ്വദേശി പ്രമോഷിന്‍റേതാണ് ഈ വീട്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :