കൊക്കകോള ഉണ്ടാക്കിയ നഷ്ടം 216 കോടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്ലാച്ചിമടയില്‍ 216 കോടിയുടെ പാരിസ്ഥിതിക നഷ്ടമുണ്ടായതായി ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്. പ്ലാച്ചിമടയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.

ട്രിബ്യൂണല്‍ രൂപീകരിച്ച്‌ പ്ലാച്ചിമടയില്‍ ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പ്ലാച്ചിമടയില്‍ ഇത്രയധികം നഷ്ടം വരുത്തിയ കമ്പനിക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യാത്തത്‌ സമിതിയെ അതിന്‌ ചുമതലപപ്പെടുത്താത്തത്‌ കൊണ്ടാണെന്ന് സമിതി അധ്യക്ഷനും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. ജയകുമാര്‍ അദ്ധ്യക്ഷനായ സമിതി പ്ലാച്ചിമടയിലുണ്ടായ ജലചൂഷണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ചാണ്‌ പഠനം നടത്തിയത്‌.

ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ കൊക്കകോള കമ്പനി ചെയ്തതായാണ്‌ സമിതി കണ്ടെത്തിയിരിക്കുന്നത്‌. കമ്പനിയുടെ ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടവും ആരോഗ്യ പ്രശ്നങ്ങളാല്‍ 30 കോടിയുടെ നഷ്ടവുമുണ്ടായി. ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനോ ട്രൈബ്യൂണലിനെ നിയോഗിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, പ്ലാച്ചിമടയില്‍ കൊക്കക്കോള നാശനഷ്ടമുണ്‌ടാക്കിയെന്ന്‌ തെളിയിക്കുന്നതിന് ഒരു വസ്തുതയും ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലില്ലെന്ന്‌ ഹിന്ദുസ്ഥാന്‍ കോക്കകോള ബിവറേജസ്‌ അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :