ഉപതെരഞ്ഞെടുപ്പ്: കൂടുതല്‍ സീറ്റുകളിലും എല്‍ ഡി എഫ്

തിരുവനന്തപുരം| WEBDUNIA|
PRD
PRO
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും എല്‍ ഡി എഫ് വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന 12 ജില്ലകളിലെ 29 വാര്‍ഡുകളില്‍ 16 സീറ്റുകളിലാണ് എല്‍ ഡി എഫ് വിജയം കണ്ടത്. 12 സീറ്റില്‍ യു ഡി എഫ് വിജയിച്ചു. ഒരു സീറ്റില്‍ യു ഡി എഫ് വിമതന്‍ വിജയം കണ്ടു.

പാലക്കാട് ജില്ലയിലെ രണ്ടിടത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫും യു ഡി എഫും ഓരോ സീറ്റ്‌ വീതം നേടി. അഗളി പഞ്ചായത്തിലെ ഭൂതിവഴി വാര്‍ഡില്‍ സി പി ഐ സ്ഥാനാര്‍ഥി എന്‍ ബാലസുബ്രഹ്മണ്യന്‍ യു ഡി എഫ്‌ പിന്തുണയുള്ള ജനതാദള്‍ സ്ഥാനാര്‍ഥി വി എം ലത്തീഫിനെ 40 വോട്ടിന്‌ തോല്‍പിച്ചു. ജനതാദളിന്‍റെ സിറ്റിങ്‌ സീറ്റായിരുന്ന ഇവിടെ പാര്‍ട്ടി അംഗം സുലൈമാന്‍റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.

അടൂര്‍ നഗരസഭാ ഒന്നാം വാര്‍ഡില്‍ സി പി എമ്മിലെ തേജസ്‌ 87 വോട്ടിനും കോട്ടയം ആര്‍പ്പൂക്കര അഞ്ചാം വാര്‍ഡില്‍ സി പി എമ്മിലെ പി കെ ഷാജിയും വിജയിച്ചു.

കരിമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കുറുവന്‍കുന്നില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ദേവയാനി 12 വോട്ടുകള്‍ക്ക്‌ സി പി എം സ്ഥാനാര്‍ഥി ഉഷയെ തോല്‍പിച്ചു. ജോലികിട്ടിയതിനെ തുടര്‍ന്ന്‌ സി പി എം അംഗം രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്‌.

തിരുവണ്ടൂര്‍ പഞ്ചായത്തിലെ മഴുക്കീര്‍ കീഴ്വാര്‍ഡില്‍ യു ഡി എഫ്‌ (കേരള കോണ്‍-എം) സ്ഥാനാര്‍ഥി ജെസി കൊണ്ടോടി 435 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. എല്‍ഡിഎഫിലെ അമ്മിണി അമ്മാളിനെയാണ്‌ തോല്‍പിച്ചത്‌.

മല്ലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും യു ഡി എഫ് വിജയിച്ചു. മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരു സീറ്റ് എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. മലപ്പുറം പോരൂര്‍ ഗ്രാമപഞ്ചായത്ത്‌ 12-ാ‍ം വാര്‍ഡില്‍ യു ഡി എഫിലെ പൊറ്റയില്‍ മുഹമ്മദ്‌ (കോണ്‍ഗ്രസ്‌)വിജയിച്ചു.

കോഴിക്കോട്‌ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്ന നാല്‌ വാര്‍ഡുകളില്‍ മൂന്നെണ്ണം യു ഡി എഫും ഒന്ന്‌ എല്‍ ഡി എഫും നേടി. തിരുവമ്പാടി പഞ്ചായത്തിലെ കൊടക്കാട്ടുപാറ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ പിടിച്ചെടുത്തു. സിപിഎമ്മിന്‍റെ പരമ്പരാഗത സീറ്റില്‍ കോണ്‍ഗ്രസിന്‍റെ നിര്‍മല ഷാജി 17 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പുഷ്പ പ്രേമരാജിനെയാണ്‌ തോല്‍പ്പിച്ചത്‌.

ഇടുക്കി ജില്ലയിലെ തേക്കടി പഞ്ചായത്തിലെ കുമളി വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. ഇന്നലെയായിരുന്നു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :